കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദേശീയ പാത അലൈന്‍മെന്റ് മാറ്റണമെന്ന ആവശ്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തള്ളി. ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ നിര്‍മിക്കണമെന്നാണ് അന്തിമ വിജ്ഞാപനം.
അലൈന്‍മെന്റ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വയലിന്റെ മധ്യത്തിലുള്ള അലൈന്‍മെന്റ് വശത്തേക്ക് മാറ്റണമെന്നും വയലിന് നടുവിലെ തോട് സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
തോട്ടിലെ ഒഴുക്ക് തടയാത്ത രീതിയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നും കീഴാറ്റൂരില്‍ ബൈപ്പാസ് ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൃഷി സംരക്ഷിച്ചുകൊണ്ട് മാത്രമെ ബൈപ്പാസ് നിര്‍മ്മാണം സാധ്യമാക്കാന്‍ പാടുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബൈപ്പാസിനെ കുറിച്ച് പരിസ്ഥിതി സംഘടനകളും കീഴാറ്റൂര്‍ സമരസമിതിയും മുന്നോട്ട് വച്ച ആശങ്കകള്‍ ന്യായമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാത സ്ഥാപിക്കുമ്പോള്‍ വയലുകള്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ.എം വിമതരായ ‘വയല്‍ക്കിളികള്‍’ സമരം നടത്തിയിരുന്നു.
ബൈപ്പാസിനെതിരെ സമരം നടത്തിയ വയല്‍ക്കിളി കൂട്ടായ്മ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരന്‍ വഴി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രത്യേക സംഘം കീഴാറ്റൂരില്‍ പരിശോധന നടത്തിയത്.