ന്യൂഡല്‍ഹി: ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വരുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആം ആദ്മി മത്സരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പാര്‍ട്ടിയല്ല ജനങ്ങളാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തിലെത്തിയതിനു പിന്നില്‍ അക്ഷീണം പ്രയത്‌നിച്ചതും സാമ്പത്തിക സഹായങ്ങള്‍ വരെ നല്‍കിയതും ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുമായി സംവദിക്കുന്നതിനായി രൂപം നല്‍കിയ ‘ടോക്ക് ടു എകെ’ എന്ന പരിപാടിയില്‍ ഉയര്‍ന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു കേജരിവാള്‍. പാര്‍ട്ടിയുടെ, ഗുജറാത്തിലെ ഭാവി പരിപാടികളെ ക്കുറിച്ച് ആലോചിക്കുന്നതിനു ആംആദ്മിയുടെ നേതൃയോഗം ചേരാന്‍ നിശ്ചയിച്ചതിനു പിന്നാലെയാണ് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്‌രിവാള്‍ തന്റെ അഭിപ്രായം പരസ്യമായി പറഞ്ഞത്.