ന്യൂഡല്‍ഹി; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പരിഹസിച്ച് ചുമച്ച ബി ജെ പി പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കി നിതിന്‍ ഗഡ്കരി. ക്ലീന്‍ യമുന പദ്ധതിയുമായ് ബന്ധപ്പെട്ട് ഡല്‍ഹി വാട്ടര്‍ ബോര്‍ഡും ക്ലീന്‍ ഗംഗ നാഷണല്‍ മിഷനും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് കെജ്‌രിവാളിനെ കളിയാക്കി സദസ്സില്‍ ഇരുന്ന ബിജെപി പ്രവര്‍ത്തകര്‍ ചുമയ്ക്കാന്‍ തുടങ്ങിയത്. അവരോട് നിശബ്ദരായിരിക്കാന്‍ കെജ്‌രിവാള്‍ ആവശ്യപ്പെട്ടെങ്കിലും ബി ജെ പി പ്രവര്‍ത്തകര്‍ ചുമ തുടരുകയായിരുന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന ഗഡ്കരി സംഭവത്തില്‍ ഇടപെടുകയും പ്രവര്‍ത്തകരോട് ശാന്തരാകാന്‍ ആവശ്യപ്പെടുകയും ചെയ്തത്.
ശ്വാസകോശവുമായ് ബന്ധപ്പെട്ട രോഗത്താല്‍ ബുദ്ധിമുട്ടുന്ന വ്യക്തിയാണ് കെജ്‌രിവാള്‍. തുടര്‍ച്ചയായ ചുമയെ തുടര്‍ന്ന് 2016ല്‍ അദ്ദേഹം ഒരു സര്‍ജറിക്ക് വിധേയനാകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പ്രസംഗത്തിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ പരിഹസിച്ച് ചുമച്ചത്. മിണ്ടാതിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്ത പ്രവര്‍ത്തകരോട് ‘ബഹളമുണ്ടാക്കാതെ ഇരിക്കൂ, ഇത് ഔദ്യോഗിക പരിപാടിയാണ്’ എന്ന് പറഞ്ഞ് പ്രവര്‍ത്തകരെ ഗഡ്കരി നേരിട്ട് ശാസിക്കുകയായിരുന്നു.