അരവിന്ദ് കെജ്‌രിവാളിനെതിരെ വീണ്ടും വിമര്‍ശനങ്ങളുമായി കപില്‍മിശ്ര

kapil-misra

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ എഎപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കപില്‍മിശ്ര വീണ്ടും വിമര്‍ശനങ്ങളുമായി രംഗത്ത്.

കെജ്‌രിവാള്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് രണ്ട് ദിവസം മാത്രമാണെന്ന് മിശ്ര ആരോപിച്ചു.

അഴിമതി ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉയരുകയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ റെയ്ഡുകള്‍ നടക്കുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാതെ വീട്ടില്‍തന്നെ കഴിയുകയാണെന്ന് മിശ്ര പറഞ്ഞു.

രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ജനങ്ങളുമായി ഏറ്റവും കുറച്ച് ഇടപഴകുന്ന മുഖ്യമന്ത്രി കെജ്‌രിവാള്‍ ആയിരിക്കും. ഏറ്റവും കുറച്ച് സമയം ജോലിചെയ്യുകയും ഏറ്റവും കൂടുതല്‍ അവധിയെടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയും അദ്ദേഹം തന്നെ. സ്വന്തമായി വകുപ്പുകളൊന്നും അദ്ദേഹം കൈകാര്യം ചെയ്യുന്നില്ല.

ഏറ്റവും കൂടുതല്‍ അഴിമതിക്കേസുകള്‍ നേരിടുന്ന മുഖ്യമന്ത്രിയായി വൈകാതെ അദ്ദേഹം മാറുമെന്നും മിശ്ര ഫേസ്ബുക്കില്‍ കുറിച്ചു.

ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിലെ ജല വകുപ്പ് മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്ര മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജയിനില്‍നിന്ന് കെജ്‌രിവാള്‍ രണ്ടുകോടിരൂപ കൈപ്പറ്റി എന്നതടക്കമുള്ള ആരോപണങ്ങളാണ് മിശ്ര ഉന്നയിച്ചത്.

ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ടും കപില്‍ മിശ്ര ആരോപണം ഉന്നയിച്ചിരുന്നു.

Top