ന്യൂഡല്‍ഹി: 3,600 കോടിയുടെ അഴിമതി നടന്നുവെന്ന് ആരോപിക്കുന്ന അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധമുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും മറ്റ് കോണ്‍ഗ്രസ് നേതാക്കളേയും അറസ്റ്റ് ചെയ്യാന്‍ ബിജെപിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വെല്ലുവിളി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്ത കെജ്രിവാള്‍, ഇടപാടുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ സിബിഐ റെയ്ഡ് നടത്താത്തതില്‍ അത്ഭുതം രേഖപ്പെടുത്തി.
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ഇറ്റലിയിലെ കോടതി രേഖകളില്‍ പേര് പരാമര്‍ശിക്കുന്ന സോണിയ ഗാന്ധിയേയും മറ്റ് കോണ്‍ഗ്രസ് നേതാക്കളേയും അറസ്റ്റ് ചെയ്യാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ട്വിറ്ററില്‍ കെജ്രിവാള്‍ കുറിച്ചു. ബിജെപി ഒരിക്കലും അത് ചെയ്യില്ല. അവരുടെ ഉദ്ദേശം വളരെ മോശമാണ്. അഞ്ച് വര്‍ഷം രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ മുഴുകാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വളരെ ശക്തമായ ബന്ധമാണുള്ളത്. മറ്റൊരു ട്വീറ്റില്‍ കെജ്രിവാള്‍ കുറ്റപ്പെടുത്തുന്നു.
വിഷയത്തില്‍ പ്രധാനമന്ത്രി തുടരുന്ന മൗനത്തെ കെജ്രിവാള്‍ വിമര്‍ശിച്ചു. എന്തുകൊണ്ടാണ് അഗസ്റ്റ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നത്. ആദ്യം ബിജെപി വധ്രയെ രക്ഷപെടുത്തി, ഇപ്പോള്‍ അഗസ്റ്റ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളെ സംരക്ഷിക്കുകയാണ് അവര്‍. കെജ്രിവാള്‍ ആരോപിച്ചു. ഇതാദ്യമായാണ് അഗസ്റ്റ ഇടപാടില്‍ കെജ്രവാള്‍ സോണിയ ഗാന്ധിയുടെ പേര് നേരിട്ട് പരാമര്‍ശിക്കുന്നത്. പാര്‍ലമെന്റില്‍ ഈ വിഷയം ഉയര്‍ന്നതുമുതല്‍ സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിക്കുന്നതില്‍ നിന്ന് കെജ്രിവാള്‍ മാറിനില്‍ക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിന്റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തിരുന്നു. അക്കാര്യം പരോക്ഷമായി ഉന്നയിച്ചാണ് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വിഷയത്തില്‍ എന്തുകൊണ്ടാണ് സിബിഐ റെയ്ഡ് നടത്താത്തതെന്ന് കെജ്രിവാള്‍ കേന്ദ്രത്തോട് ചോദിക്കുന്നത്.