തുക്‌ഡെ തുക്‌ഡെ സംഘത്തെ പിന്തുണയ്ക്കുന്ന കെജ്രിവാള്‍; ഡല്‍ഹി മുഖ്യനെതിരെ അമിത് ഷാ

ല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എതിരെ നിശിത വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും, ബിജെപി അധ്യക്ഷനുമായ അമിത് ഷാ. ‘തുക്‌ഡെ തുക്‌ഡെ സംഘത്തിന്’ കെജ്രിവാള്‍ പിന്തുണ നല്‍കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പാണ് ആഭ്യന്തര മന്ത്രിയുടെ ഈ വിമര്‍ശനം.

‘ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ ജയിലില്‍ ഇടണ്ടേ? എന്നാല്‍ ഡല്‍ഹി മുഖ്യന്‍ ഇവരെ വിചാരണ ചെയ്യാന്‍ പോലീസിന് അനുമതി നല്‍കുന്നില്ല’, അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനത്ത് ആയുഷ്മാന്‍ ഭാരത് സ്‌കീം നടപ്പാക്കാതെ പാവങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ് കെജ്രിവാള്‍ ചെയ്യുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

‘ഡല്‍ഹിയിലെ പാവങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ദോഷം വരുത്തിയത് എഎപി സര്‍ക്കാരാണ്. കെജ്രിവാള്‍ ജി രാഷ്ട്രീയം മാത്രം ലക്ഷ്യമാക്കി ആയുഷ്മാന്‍ പദ്ധതി തടയുകയാണ്. ജനം ഇപ്പോള്‍ കെജ്രിവാളിന്റെ മുഖം കണ്ടുകഴിഞ്ഞു, എംസിഡി, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ എഎപി തുടച്ചുനീക്കപ്പെട്ടത് ഇതിനാലാണ്’, ഷാ പറഞ്ഞു.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആം ആദ്മി പാര്‍ട്ടിയും, കോണ്‍ഗ്രസും ചേര്‍ന്ന് വഴിതെറ്റിക്കുകയാണ്. പൗരത്വ നിയമത്തിന് എതിരായ അക്രമസംഭവങ്ങള്‍ക്ക് കാരണം ഇവര്‍ക്കാണെന്നും ഷാ കുറ്റപ്പെടുത്തി. എഎപിയും, കോണ്‍ഗ്രസും, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ന്യൂനപക്ഷങ്ങളെ വഴിതെറ്റിക്കുകയാണ്. സിഎഎ പ്രകാരം ആരുടെയും പൗരത്വം നഷ്ടമാകില്ല, ഇത് പൗരത്വം നല്‍കാനുള്ള നീക്കമാണ്. രാജ്യത്ത് കലാപങ്ങള്‍ക്ക് കാരണം ഈ പാര്‍ട്ടികളാണ്, ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

Top