ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഒന്‍പതാമത്തെ സമന്‍സ് അയച്ചു. മാര്‍ച്ച് 21ന് മുന്‍പ് ഹാജാരാകാനാണ് സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതുമായ ബന്ധപ്പെട്ട പരാതികളില്‍ കഴിഞ്ഞ ദിവസം അരവിന്ദ് കേജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത സമന്‍സ്.
ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി 8 തവണ നോട്ടിസ് നല്‍കിയെങ്കിലും കേജ്രിവാള്‍ ഹാജരായിരുന്നില്ല. ഇതിനെതിരെയുള്ള ഹര്‍ജിയില്‍ അഡീഷനല്‍ ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് സമന്‍സ് അയച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച കോടതിയില്‍ ഹാജരായ കേജ്രിവാളിനു ജഡ്ജി ദിവ്യ മല്‍ഹോത്ര ജാമ്യം അനുവദിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണു പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ.സക്‌സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. വിവാദമായതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് ഈ മദ്യനയം പിന്‍വലിച്ചു.