കെജരിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി; നിഷേധിച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. കര്‍ഷക സമരനേതാക്കളെ കാണാന്‍ പോയി തിരികെ എത്തിയ കെജ്‌രിവാളിനെയും വീട്ടിലുള്ള മറ്റാരെയും പുറത്തേക്ക് പോകാനോ വീട്ടിലേക്ക് ആരെയെങ്കിലും വരാനോ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ഡല്‍ഹി പൊലീസ് നിഷേധിച്ചു. പൊലീസ് പുറത്തുപോകാന്‍ അനുവദിക്കാത്തതിനാല്‍ കെജ്‌രിവാളിന്റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കി.

എന്നാല്‍ കെജ്‌രിവാളിന്റെ വീട്ടിന് പുറത്ത് ആം ആദ്മി പ്രവര്‍ത്തകരും മറ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ കൂട്ടിയതെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതിന് തെളിവായി കെജ്‌രിവാളിന്റെ വീടിന് മുന്നിലെ ഒരു ഫോട്ടോയും പുറത്തുവിടുന്നു.

രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ആം ആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും ബന്ദിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച സിംഘുവിലെത്തി കര്‍ഷകസമരനേതാക്കളെ കെജ്‌രിവാള്‍ കണ്ടിരുന്നു. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലേ എന്ന് പരിശോധിക്കുകയും ചെയ്തു. അതിന് ശേഷം തിരികെ വീട്ടിലെത്തി, പിന്നീട് പുറത്തുപോകാന്‍ അനുവദിക്കുന്നില്ലെന്നാണ് ആരോപണം.

Top