മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകാന്‍ സാധ്യത.ലോകസഭ തിരഞ്ഞെടുപ്പില്‍ കുതിച്ച് പാഞ്ഞു കൊണ്ടിരുന്ന ബി.ജെ.പിയെ ഒറ്റയടിക്ക് തളക്കാനുള്ള ആയുധമാണ് ഈ അറസ്റ്റോടെ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ സഖ്യത്തിന് വീണു കിട്ടിയിരിക്കുന്നത്.വ്യാപകമായ പ്രതിഷേധമാണ് അറസ്റ്റിനെതിരെ രാജ്യവ്യാപകമായി ഉയരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ . ഇനി കോടതി കെജരിവാളിന് ജാമ്യം അനുവദിച്ചാല്‍ പോലും ലോകസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രധാന പ്രചരണ വിഷയം കെജരിവാളിന്റെ അറസ്റ്റ് തന്നെ ആയിരിക്കും.കേന്ദ്ര ഏജന്‍സികളെ മുന്‍ നിര്‍ത്തി പക വീട്ടുന്ന മോദി സര്‍ക്കാര്‍ ‘പ്രഖ്യാപിത’ അടിയന്തരാവസ്ഥയാണ് നടപ്പാക്കുന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്. എ.എ.പിക്ക് പുറമെ കെജരിവാളിന്റെ അറസ്റ്റ് നടന്ന ഉടനെ രാത്രിയില്‍ തന്നെ തെരുവിലിറങ്ങിയ ഇതര രാഷ്ട്രീയ പാര്‍ട്ടിയും സി.പി.എം ആണ്.
സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ എം.എ ബേബി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളാണ് പങ്കെടുത്തിരിക്കുന്നത്. കേന്ദ്ര അവഗണനക്കെതിരെ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ സമരത്തില്‍ എ.എ.പി നേതാക്കളായ ഡല്‍ഹി മുഖ്യമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും പങ്കെടുത്തതോടെ ശക്തമായ ബന്ധമാണ് കെജരിവാളിന്റെ അറസ്റ്റിനെ തുടര്‍ന്നു നടന്ന പ്രധിഷേധ സമരത്തിലും അലയടിച്ചിരിക്കുന്നത്. കൂടുതല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സി.പി.എം ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിനു പുറമെ, ബംഗാള്‍ , ത്രിപുര , തമിഴ്‌നാട് , ഡല്‍ഹി , ആന്ധ്ര , തെലങ്കാന , രാജസ്ഥാന്‍ , മഹാരാഷ്ട്ര, ജമ്മുകശ്മീര്‍ , ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സി.പി.എം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.ഇന്ത്യാ മുന്നണിയുടെ ഭാഗമായ ഡി.എം.കെ , കോണ്‍ഗ്രസ്സ് , ശിവസേന ഉദ്ധവ് വിഭാഗം , സമാജ് വാദി പാര്‍ട്ടി, ആര്‍.ജെ.ഡി തുടങ്ങിയ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ , തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി , രാഹുല്‍ ഗാന്ധി , സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി , ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കളെല്ലാം അറസ്റ്റിനെ അപലപിച്ചിട്ടുണ്ട്.
ബി.ജെ.പിക്കെതിരെ കടന്നാക്രമിക്കാന്‍ കിട്ടിയ ഒന്നാന്തരം അവസരമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ കെജരിവാളിന്റെ അറസ്റ്റിനെ ഉപയോഗപ്പെടുത്തുമ്പോള്‍ പകച്ചു നില്‍ക്കുന്നത് ബി.ജെ.പി പ്രവര്‍ത്തകരാണ്. തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പത്തെ ഈ അറസ്റ്റ് ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായം സംഘപരിവാര്‍ നേതൃത്വത്തിലും രൂപപ്പെട്ടിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒറ്റ സീറ്റു പോലും ബി.ജെ.പിക്ക് ഇനി ലഭിക്കാന്‍ സാധ്യതയില്ലന്നാണ് , ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഡല്‍ഹിക്ക് പുറമെ പഞ്ചാബ് , ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും എ.എ.പി അടങ്ങിയ ഇന്ത്യാ സഖ്യത്തിനാണ് നേട്ടമുണ്ടാകാന്‍ സാധ്യത.മോദിയുടെ തട്ടകമായ ഗുജറാത്തില്‍ പോലും ഇന്ത്യാ സഖ്യത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. എ.എ.പിക്ക് ശക്തമായ അടിത്തറയുള്ള ഗുജറാത്തില്‍ ഇന്ത്യാ സഖ്യത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കെജരിവാളിന്റെ അറസ്റ്റ് സഹായിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. 80 ലോകസഭ സീറ്റുകള്‍ ഉള്ള യു.പിയിലും 42 ലോകസഭ സീറ്റുകള്‍ ഉള്ള ബീഹാറിലും 39 ലോകസഭ സീറ്റുകള്‍ ഉള്ള തമിഴ്‌നാട്ടിലും ബി.ജെ.പിക്ക് എതിരെ ശക്തമായ വികാരം അഴിച്ചുവിടാനാണ് ഇന്ത്യാ സഖ്യം ശ്രമിക്കുന്നത്. 48 ലോകസഭ സീറ്റുകള്‍ ഉള്ള മഹാരാഷ്ട്രയിലും പ്രതിപക്ഷ സഖ്യം ശക്തരാണ്. ഈ സംസ്ഥാനങ്ങള്‍ കൈവിട്ടാല്‍ മൂന്നാം ഊഴമെന്ന മോദിയുടെ സ്വപ്നമാണ് അതോടെ അവസാനിക്കുക.
ഒരു ഏകാധിപത്യ ഭരണത്തിലേക്കും അടിയന്തരാവസ്ഥയിലേക്കുമാണ് രാജ്യത്തെ മോദി സര്‍ക്കാര്‍ കൊണ്ടു പോകുന്നതെന്ന പ്രതിപക്ഷ പ്രചരണത്തിന് ശക്തി പകരാന്‍ എന്തായാലും കെജരിവാളിന്റെ അറസ്റ്റ് കാരണമായിട്ടുണ്ട്. ഇന്ന് രാജ്യത്തെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജരിവാള്‍ ജനങ്ങളെ സംബന്ധിച്ച് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന മുഖ്യമന്ത്രി എന്ന പ്രതിച്ഛായ ആണ് അദ്ദേഹത്തിനുള്ളത്. ഈ പ്രതിച്ഛായയെ ആണ് ബി.ജെ.പിയും ഭയപ്പെടുന്നത്.കെജരിവാളിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത് അദ്ദേഹത്തിന്റെ പ്രചരണം തടയാനും എ.എ.പിയെ പ്രതിരോധത്തില്‍ ആക്കാനും ആണെങ്കില്‍ അത് വിപരീതഫലമാണ് ഇപ്പോള്‍ തന്നെ ഉണ്ടാക്കിയിരിക്കുന്നത്. പുറത്തുള്ള കെജരിവാളിനേക്കാള്‍ അപകടകാരി ആയിരിക്കും അകത്തു കിടക്കുന്ന കെജരിവാള്‍ എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
അതേസമയം,കെജരിവാള്‍ രാജിവെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണമെന്ന ആവശ്യം കടുപ്പിക്കാനാണ് ബിജെപി നീക്കം. കെജരിവാളിനോട് രാജിവെക്കാന്‍ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ബിജെപി ഇതിനോടകം ആവശ്യപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ഭരണ സംവിധാനം തകര്‍ന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്. എന്നാല്‍ കെജരിവാള്‍ ജയിലില്‍ കിടന്ന് ഭരിക്കുമെന്നാണ് എഎപി നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. കെജരിവാളിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചാല്‍ പകരം സംവിധാനം എ.എ.പി ഏര്‍പ്പെടുത്തിയില്ലങ്കില്‍ രാഷ്ട്രപതി ഭരണത്തിനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്.