ന്യൂഡല്‍ഹി: പത്തുദിവസത്തെ വിപാസന ധ്യാന പരിപാടിയില്‍ പങ്കെടുക്കാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എ.എ.പി. എം.പി. രാഘവ് ഛദ്ദയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കെജ്രിവാളിന് സമന്‍സ് അയച്ചിരുന്നു.
ഡിസംബര്‍ 21-ന് ഹാജരാകണമെന്നാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെയാണ് ഇന്ന് (ചൊവ്വാഴ്ച) മുതല്‍ പത്തുദിവസം നീണ്ട വിപാസന ധ്യാന പരിപാടിയില്‍ പങ്കെടുക്കാന്‍ കെജ്രിവാള്‍ പോകുന്നത്.
വിപാസന ധ്യാന ക്യാമ്പ് നേരത്തെ നിശ്ചയിച്ചതാണെന്നും വിഷയത്തില്‍ നിയമവിദഗ്ധരില്‍നിന്ന് ഉപദേശം തേടിയിരുന്നെന്നും രാഘവ് ഛദ്ദ വ്യക്തമാക്കി. വിഷയത്തില്‍ ഇ.ഡിയ്ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിപാസന എന്നത് ഒരു പ്രാചീന ഇന്ത്യന്‍ ധ്യാന ശൈലിയാണ്. വിപാസന പരിശീലിക്കുന്നവര്‍, അവരുടെ മാനസികസൗഖ്യം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ സമയം വരെ വാചികമോ ആംഗികമോ ആയ എല്ലാ ആശയവിനിമയവും പൂര്‍ണമായി ഒഴിവാക്കും.
ദീര്‍ഘകാലമായി കെജ്രിവാള്‍ വിപാസന പരിശീലിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബെംഗളൂരുവും ജയ്പുരും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോയിട്ടുമുണ്ട്. എല്ലാ വര്‍ഷവും പത്തുദിവസം കെജ്രിവാള്‍ വിപാസനയ്ക്കായി നീക്കിവെക്കാറുണ്ട്. ഇക്കുറി അത് ഡിസംബര്‍ 19 മുതല്‍ 30 വരെയാണെന്ന ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ഇത് രണ്ടാംവട്ടമാണ് ഇ.ഡി. കെജ്രിവാളിന് സമന്‍സ് അയക്കുന്നത്. നവംബര്‍ രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
ബി.ജെ.പിയ്ക്ക് കെജ്രിവാളിനെ ഭയമാണെന്നും അദ്ദേഹത്തെ ദുര്‍ബലനാക്കാന്‍ ശ്രമിക്കുകയാണെന്നും രാഘവ് ഛദ്ദ ആരോപിച്ചു. സത്യന്ദര്‍ ജെയിനും മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അവര്‍ സ്വാഗതം ചെയ്യപ്പെടുമെന്നും അവര്‍ക്കെതിരേയുള്ള കേസുകള്‍ അവസാനിപ്പിക്കപ്പെടുമെന്നും ഛദ്ദ കൂട്ടിച്ചേര്‍ത്തു.