കോൺഗ്രസ്സിന്റെ പ്രതിപക്ഷ ഐക്യ സഖ്യം തട്ടിപ്പ്; കെജരിവാൾ ഇപ്പോഴും കോൺഗ്രസ്സിന്റെ പ്രധാന ശത്രു !

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ മഹാസഖ്യമെന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടിനോട് പൂര്‍ണ്ണമായും യോജിക്കുന്ന കോണ്‍ഗ്രസ്സ് എന്തുകൊണ്ടാണ് ഡല്‍ഹി സര്‍ക്കാറും മോദി സര്‍ക്കാറുമായുള്ള തര്‍ക്കത്തില്‍ എ.എ.പി സര്‍ക്കാറിനു പിന്തുണ പ്രഖ്യാപിക്കാതിരിക്കുന്നത് എന്നതിനാണ് ആദ്യം മറുപടി പറയേണ്ടത്. ഡല്‍ഹിയിലെ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസുകളുടെ നിയന്ത്രണം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ എതിര്‍ക്കണമോയെന്ന കാര്യത്തില്‍ ഇതുവരെ കോണ്‍ഗ്രസ്സ് നിലപാട് വ്യക്തമാക്കിയിട്ടില്ല. സി.പി.എം ഉള്‍പ്പെടെയുള്ള മറ്റു പ്രധാന പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ പരസ്യമായി നിലപാട് പ്രഖാപിച്ച ശേഷമാണ് ബീഹാറിലെ പ്രതിപക്ഷ യോഗത്തിന് എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഡല്‍ഹിയിലും പഞ്ചാബിലും മാത്രമല്ല ഹരിയാനയിലും കോണ്‍ഗ്രസ്സ് പ്രധാന ശത്രുവായി കാണുന്നത് അരവിന്ദ് കെജരിവാളിന്റെ എ.എ.പിയെ ആണ്. കോണ്‍ഗ്രസ്സിന്റെ സ്‌പെയ്‌സില്‍ കയറിയാണ് കെജരിവാള്‍ ഗോളടിക്കുന്നതെന്ന വ്യക്തമായ ബോധ്യം ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കുമുണ്ട്. ഡല്‍ഹിയുടെയും പഞ്ചാബിന്റെയും അയല്‍ സംസ്ഥാനമായ ഹരിയാനയുടെ കൂടി ഭരണം പിടിച്ചെടുത്താല്‍ എ.എ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി മാറും. ഇത് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നതാണ്. മാത്രമല്ല, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാള്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സ്വീകാര്യമായി മാറുക അരവിന്ദ് കെജരിവാളായിരിക്കും എന്ന ബോധ്യവും കോണ്‍ഗ്രസ്സിനുണ്ട്.

ഇതെല്ലാം മുന്‍ നിര്‍ത്തിയാണ് എ.എ.പിയുമായി കോണ്‍ഗ്രസ്സ് കൃത്യമായ അകലം പാലിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് കോണ്‍ഗ്രസ്സ് അധ്യക്ഷനു പുറമെ രാഹുല്‍ ഗാന്ധി കൂടി പങ്കെടുത്തതും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ പിന്തുണ നേടിയെടുക്കാനാണ്. യോഗം വിളിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാള്‍ എന്തു കൊണ്ടും പ്രധാനമന്ത്രി മെറ്റീരിയല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തന്നെയായിരിക്കും. അക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനു പോലും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ ഇപ്പോഴും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ശക്തമായ ഭിന്നതയുണ്ട്.

ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും രാഹുല്‍ ഗാന്ധിയേക്കാള്‍ സ്വീകാര്യത കെജരിവാളിനോടാണ്. സമാന നിലപാട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷിനും ഉണ്ട്. ആര്‍.ജെ.ഡിപോലും രാഹുല്‍ ഗാന്ധിയെ അംഗീകരിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ശരദ് പവാറിന്റെ എന്‍.സി.പിയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മേധാവിത്വം ലഭിച്ചാല്‍ കോണ്‍ഗ്രസ്സ് ഇതര പാര്‍ട്ടിയില്‍ നിന്നും പ്രധാനമന്ത്രി വരണമെന്ന നിലപാടാണ് സ്വീകരിക്കുക. പിന്നെയുള്ള പ്രധാന പാര്‍ട്ടികളായ ശിവസേനയും ഡി.എം.കെയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷ നിലപാടിനു അനുസരിച്ച് കളം മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രതിപക്ഷ നിരയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ പോലും മറ്റു പാര്‍ട്ടികളുടെ പിന്തുണയില്ലാതെ കോണ്‍ഗ്രസ്സിനു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുകയില്ല. മുന്‍പ് മൂന്നാം മുന്നണിയെ പിന്തുണക്കേണ്ടി വന്നതു പോലത്തെ ഒരവസ്ഥ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഇനിയും തള്ളിക്കളയാന്‍ കഴിയുന്നതല്ല. ബി.ജെ.പി മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചില്ലങ്കില്‍ തീര്‍ച്ചയായും അതിനും സാധ്യതയുണ്ട്. അതേസമയം, ഒറീസ ഭരിക്കുന്ന ബിജു ജനതാദളും തെലങ്കാന ഭരിക്കുന്ന ടി.ആര്‍.എസും ആന്ധ്ര ഭരിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ ഒരവസരം ലഭിച്ചാല്‍ അതൊരിക്കലും പാഴാക്കുകയില്ല. ബി.ജെ.പിക്ക് കേന്ദ്രത്തില്‍ ഒരു സാധ്യതയും ഇല്ലെന്നു വ്യക്തമായാല്‍ മാത്രമേ ഈ മൂന്നു പാര്‍ട്ടികളും മറ്റു സാധ്യതകള്‍ തേടുകയൊള്ളൂ.

അങ്ങനെ അഥവാ സംഭവിച്ചാലും അരവിന്ദ് കെജരിവാളിനു തന്നെയാണ് ഈ പാര്‍ട്ടികളുടെയും പിന്തുണ ലഭിക്കുക. കോണ്‍ഗ്രസ്സ് തകരരുത് എന്ന് പറയുന്ന പാര്‍ട്ടികള്‍ പോലും ആ പാര്‍ട്ടിയുടെ പ്രധാനമന്ത്രി രാജ്യം ഭരിക്കരുത് എന്നാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ്സ് – ബി.ജെ.പി നേര്‍ക്കുനേര്‍ പോരാട്ടമായി ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റാന്‍ ഇവരാരും തന്നെ ഇഷ്ടപ്പെടുന്നില്ല. ബി.ജെ.പിയെ ഒറ്റയ്ക്കു രാജ്യം ഭരിക്കാനുള്ള ശേഷിയാക്കി മാറ്റിയതു തന്നെ കോണ്‍ഗ്രസ്സാണെന്ന പഴി ഇപ്പോഴും ഒരു ശാപം പോലെ കോണ്‍ഗ്രസ്സിനെ പിന്തുടരുന്നതും ആ പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ പടര്‍ത്തുന്നതാണ്. ഇതില്‍ ഒരുമാറ്റം വരണമെങ്കില്‍ ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന നാലു സംസ്ഥാനങ്ങളില്‍ മൂന്നിലെങ്കിലും കോണ്‍ഗ്രസ്സ് ജയിക്കണം.

നിലവില്‍ തെലങ്കാന മാത്രമാണ് കോണ്‍ഗ്രസ്സിന്റെ കണക്കില്‍പ്പെടുത്താന്‍ പറ്റാത്ത സംസ്ഥാനം. രാജസ്ഥാന്‍, ചത്തീസ് ഗഡ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്. മധ്യാപദേശില്‍ കഴിഞ്ഞ തവണ വിജയിച്ചിരുന്നത് കോണ്‍ഗ്രസ്സായിരുന്നു എങ്കിലും ഓപ്പറേഷന്‍ താമരയിലൂടെ പിന്നീട് മധ്യപ്രദേശ് ഭരണം ബി.ജെ.പി പിടിച്ചെടുക്കുകയാണ് ചെയ്തിരുന്നത്. ഇത്തവണ ഈ മൂന്നു സംസ്ഥാനങ്ങളില്‍ വിജയിക്കാതെ ആത്മവിശ്വാസത്തോടെ ലോകസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്സിനു കഴിയുകയില്ല.

അതേസമയം, മധ്യപ്രദേശും രാജസ്ഥാനും ചത്തിസ്ഗഢും കോണ്‍ഗ്രസ്സ് ഭരിക്കുമ്പോഴാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പി തരംഗമുണ്ടായതെന്നതും മറന്നു പോകരുത്. അതുകൊണ്ടു തന്നെ ബി.ജെ.പിയും വലിയ ആത്മവിശ്വാസത്തിലാണ് ഉള്ളത്. മോദിക്ക് കേന്ദ്രത്തില്‍ മൂന്നാം ഊഴമാണ് ബി.ജെ.പി ഉറപ്പിക്കുന്നത്. യു.പിയും ഗുജറാത്തും ഉള്‍പ്പെടെ ഭൂരിപക്ഷ സംസ്ഥാനങ്ങളിലും ചരിത്രം ആവര്‍ത്തിക്കുമെന്നു തന്നെയാണ് അവകാശവാദം. പ്രതിപക്ഷ ഐക്യം അധികാര മോഹത്തില്‍ തട്ടി തകരുമെന്ന പ്രതീക്ഷയും ബി.ജെ.പി. നേതൃത്വത്തിനുണ്ട്. ബി.ജെ.പിയുടെ ഈ കണക്കു കൂട്ടലുകള്‍ തെറ്റണമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനു മുന്‍പേ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. സീറ്റ് വീതംവയ്പില്‍ ഉള്‍പ്പെടെ വലിയ വിട്ടുവീഴ്ചകളും വേണ്ടി വരും. അതിനൊക്കെ ഈ പാര്‍ട്ടികള്‍ തയ്യാറാകുമോ എന്നതു കണ്ടു തന്നെ അറിയണം.

ഇനി ഇത്തരത്തില്‍ യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട് കൂടുതല്‍ സീറ്റുകള്‍ നേടിയെടുത്താല്‍ തന്നെ യോജിച്ചൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതോടെ സകല പ്രതീക്ഷകളും അസ്തമിക്കും. ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷ നിരയില്‍ നിന്നും പാര്‍ട്ടികളെയും എം.പിമാരെയും അടര്‍ത്തിയെടുക്കാന്‍ ബി.ജെ.പിയും സകല സംവിധാനങ്ങളും ഉപയോഗപ്പെടുത്തും. ഇതിനിടയില്‍ പിടിച്ചു നില്‍ക്കാന്‍ എത്ര പാര്‍ട്ടികള്‍ക്കു പറ്റും എന്നതും വലിയ ഒരു ചോദ്യം തന്നെയാണ്. അധികാരവും പണവും വച്ചു നീട്ടിയാല്‍ നേരം ഇരുട്ടി വെളുക്കുന്നതിനു മുന്‍പ് നിലപാടുകള്‍ മാറ്റുന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്ള രാജ്യത്ത് എന്തൊക്കെയാണ് ഇനി സംഭവിക്കാന്‍ പോകുന്നത് എന്നത് രാഷ്ട്രീയ നിരീക്ഷകരുടെ ചിന്തകള്‍ക്കും അപ്പുറമാണ്..

EXPRESS KERALA VIEW

Top