ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദശ പത്രിക സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടതാണ് കെജ്രിവാളിന് പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വന്നത്.
അമ്പത് സ്വതന്ത്രരാണ് കെജ്രിരിവാളിന് മുമ്പേ പത്രിക സമര്‍പ്പിക്കാനായി ജാം നഗര്‍ ഹൗസില്‍ എത്തിയിരിക്കുന്നത്. വരി തെറ്റിച്ച് കെജ്രിവാളിനെ പത്രിക നല്‍കാന്‍ അനുവദിക്കില്ലെന്ന് സ്വതന്ത്രര്‍ വ്യക്തമാക്കിയതോടെ, ടോക്കണ്‍ വാങ്ങി കാത്തിരിക്കുകയാണ് കെജ്രിവാള്‍.
കെജ്രിവാളിന് 45-ാം നമ്പര്‍ ടോക്കണാണ് ലഭിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ പത്രികാസമര്‍പ്പണത്തിനുള്ള സമയം അവസാനിക്കേണ്ടതായിരുന്നു.എന്നാല്‍ ഇനിയും ആളുകള്‍ പത്രിക സമര്‍പ്പിക്കാന്‍ ബാക്കിയുള്ളതിനാല്‍ വരണാധികാരി കെജ്രിവാളിനോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നു മണിക്കു മുമ്പ് ഓഫീസിലെത്തിയ എല്ലാവര്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെജ്രിവാള്‍ ആറു മണിക്കൂറായി ക്യൂവില്‍ തുടരുകയാണെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെന്ന പേരില്‍ ക്യൂവില്‍ ഇടംപിടിച്ചിരിക്കുന്ന മിക്കവരുടെയും കൈയില്‍ പത്രികയോ മറ്റു രേഖകളോ ഇല്ലെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഇന്നലെ വൈകിട്ടോടെയാണ് കെജ്രിവാള്‍ പത്രിക സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ വൈകിട്ട് നടന്ന റോഡ് ഷോയുടെ പശ്ചാത്തലത്തില്‍ സമയം വൈകി, പത്രികാസമര്‍പ്പണം അവസാന ദിവസത്തിലേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഫെബ്രുവരി 11ന് ഉണ്ടാകും.