ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കണ്ണിലെ കരടായ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാര്‍, ഡിഐജി സഞ്ജീവ് ഭട്ട് എന്നിവരെ വലവീശി ആം ആദ്മി പാര്‍ട്ടി.
ഇത്തവണ ഗുജറാത്തില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് അവകാശപ്പെടുന്ന ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായി അരവിന്ദ് കെജ്‌രിവാള്‍ അഴിമതിരഹിത പ്രതിച്ഛായയും കര്‍ക്കശമായ നടപടികളിലൂടെ ശ്രദ്ധേയരായവരുമായ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ഗോധ്ര കലാപത്തില്‍ ബിജെപിയെ ആക്രമിച്ച് രംഗത്ത് വന്ന മുന്‍ ഗുജറാത്ത് ഡിജിപിയും മലയാളിയുമായ ശ്രീകുമാര്‍, ഡിഐജി സഞ്ജീവ് ഭട്ട് എന്നിവരെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറക്കാനാണ് കെജ്‌രിവാള്‍ ആഗ്രഹിക്കുന്നത്.
1972 ബാച്ച് ഐപിഎസ് ഓഫീസറായ ശ്രീകുമാര്‍ 2002ലെ ഗുജറാത്ത് കലാപകാലത്ത് സംസ്ഥാന ഇന്റലിജന്‍സ് എഡിജിപിയായിരുന്നു.ഗുജറാത്ത് വംശഹത്യയെക്കുറിച്ചന്വേഷിച്ച നാനാവതി കമ്മീഷനു മുന്‍പാകെ മൊഴി നല്‍കി ശക്തമായ നിലപാടുകളെടുത്തിരുന്നു. മോദിക്കെതിരെ മൊഴി നല്‍കിയതിന് പ്രൊമോഷന്‍ നിഷേധിച്ചെങ്കിലും നിയമയുദ്ധത്തിലൂടെ അദ്ദേഹം അത് നേടിയെടുത്തു.
കലാപസമയത്ത് ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോയുടെ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു സഞ്ജീവ് ഭട്ട് . ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വ്യക്തമാക്കി സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ശക്തമായി വാദിക്കുകയും കലാപത്തിന്റെ തെളിവുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ നശിപ്പിച്ചു എന്ന് അന്വേഷണത്തില്‍ ബോധ്യമായി എന്ന് തുറന്നടിക്കാനും ഭട്ട് ധൈര്യം കാട്ടി. ഈ സംഭവത്തോടെ ഗുജറാത്ത് സര്‍ക്കാറിന്റെ നോട്ടപ്പുള്ളിയായ സഞ്ജീവ് ഭട്ട് 2011 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. 2015ല്‍ ഭട്ടിനെ പോലീസ് സേനയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
കടുത്ത മോദി വിരുദ്ധരായ ഇരുവര്‍ക്കും തങ്ങളേക്കാള്‍ കൂടുതല്‍ മോദി-ബിജെപി വിരോധമുള്ള കെജ്‌രിവാളിനോട് സഹകരിക്കുന്നതില്‍ എതിര്‍പ്പുണ്ടാകില്ലെന്നാണ് ആംആദ്മി പാര്‍ട്ടി നേതൃത്വം കരുതുന്നത്.
ബിജെപി സര്‍ക്കാരുമായി ഉടക്കി നില്‍ക്കുന്ന പ്രബല സമുദായമായ പട്ടേല്‍ വിഭാഗത്തെ കൂടെ നിര്‍ത്തിയുള്ള കരുനീക്കമാണ് കെജ്‌രിവാള്‍ ഗുജറാത്തില്‍ നടത്തുന്നത്.
23കാരനായ സംവരണ പ്രക്ഷോഭ നായകന്‍ ഹാര്‍ദ്ദിക് പട്ടേലുമായി ഇതിനകം തന്നെ കെജ്‌രിവാളും ആംആദ്മി പാര്‍ട്ടി നേതാക്കളും ബന്ധപ്പെട്ട് കഴിഞ്ഞിട്ടുണ്ട്.
പ്രക്ഷോഭത്തിന്റെ ഭാഗമായ ആക്രണങ്ങളെ തുടര്‍ന്ന് ദേശവിരുദ്ധ പ്രവര്‍ത്തി ആരോപിച്ച് ഗുജറാത്ത് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഹാര്‍ദ്ദിക് പട്ടേല്‍ അടുത്തയിടെയാണ് ജാമ്യത്തിലിറങ്ങിയത്.
ജാമ്യവ്യവസ്ഥയിലെ ഉപാധിയെ തുടര്‍ന്ന് ഗുജറാത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ രാജസ്ഥാനില്‍ കഴിയുകയാണദ്ദേഹം.
ഹാര്‍ദ്ദിക് പട്ടേലിനെ കാണാന്‍ ജയിലിലെത്താനും പൊതുയോഗത്തില്‍ സംസാരിക്കാനും കെജ്‌രിവാള്‍ ശ്രമിച്ചപ്പോള്‍ പൊലീസ് അനുമതി നിഷേധിച്ചത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ഇപ്പോള്‍ ഗോ സംരക്ഷകര്‍ ദളിതുകളെ മര്‍ദ്ദിച്ച സംഭവം കൂടി പുറത്ത് വന്നതോടെ ദളിത് പ്രക്ഷോഭവും ഗുജറാത്തില്‍ അലയടിച്ചത് ബിജെപി സര്‍ക്കാരിന് വലിയ ഭീഷണിയായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മോദി തന്നെ ഗോ സംരക്ഷകരെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നിരുന്നത്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ആനന്ദിബെന്‍ പട്ടേലിനെ മാറ്റിയെങ്കിലും ഗുജറാത്തിലെ സ്ഥിതി ഗുരുതരം തന്നെയാണെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.
ബിജെപിക്ക് അധികാരത്തില്‍ വരാന്‍ വഴി ഒരുക്കിയ പട്ടേല്‍ വിഭാഗവും ഇപ്പോള്‍ ദളിത് വിഭാഗവും എതിരായത് ഭരണം നഷ്ടമാവുമെന്ന അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്.
പട്ടേല്‍ വിഭാഗത്തെ കൂടെ നിര്‍ത്താനും ദളിത് നേതാക്കളെ അനുനയിപ്പിക്കാനും കേന്ദ്ര നേതാക്കളും സംസ്ഥാന മന്ത്രിമാരും കഠിന പ്രയത്‌നമാണ് തുടരുന്നത്.
ബിജെപി സര്‍ക്കാര്‍ നേരിടുന്ന ഈ പ്രതിസന്ധിയില്‍ മുതലെടുപ്പ് നടത്തേണ്ട കോണ്‍ഗ്രസ്സ് ആവട്ടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍പ്പെട്ട് ഇപ്പോഴും അന്തംവിട്ട് നില്‍ക്കുകയാണ്.
ഇവിടെയാണ് തന്ത്രപരമായ നീക്കത്തിലൂടെ കളംപിടിക്കാന്‍ കെജ്‌രിവാള്‍ ഇറങ്ങിയിരിക്കുന്നത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ അധികാരം പിടിക്കുമെന്ന് ഉറപ്പിച്ച ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ ബിജെപിയെ വീഴ്ത്തിയാല്‍ അത് മോദിയെ വീഴ്ത്തിയതിന് തുല്യമാവുമെന്ന് കണ്ടാണ് പ്രവര്‍ത്തനം ശക്തമാക്കിയിട്ടുള്ളത്.
അഴിമതിരഹിത പ്രതിച്ഛായയുള്ള രാഷ്ട്രീയക്കാര്‍, മറ്റ് പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഒരു പട്ടിക തന്നെ ആംആദ്മി പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ട്. ഇവരില്‍ കൂടെ നില്‍ക്കാന്‍ താല്‍പര്യമുള്ളവരെ ഉപയോഗപ്പെടുത്താനാണ് തീരുമാനം.