ന്യൂഡല്‍ഹി: കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനിടയിലും ഡല്‍ഹിയില്‍ സ്ഥിതി പൂര്‍ണമായും നിയന്ത്രണത്തിലാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതിനാലാണ് കേസുകളുടെ എണ്ണം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധ നടപടികള്‍ പിന്തുടരാന്‍ ഡല്‍ഹി നിവാസികളോട് ആവശ്യപ്പെട്ട കെജ്രിവാള്‍ കോവിഡ് പ്രതിരോധത്തില്‍ അശ്രദ്ധയോടെയുള്ള മനോഭാവത്തിന് ഇടമില്ലെന്നും പറഞ്ഞു. ദേശീയ തലസ്ഥാന പ്രദേശത്ത് കോവിഡ് മരണങ്ങള്‍ കുറക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ കോവിഡ് ബെഡുകള്‍ക്ക് ക്ഷാമമില്ലെന്നും നിലവിലുള്ള 14,000 ബെഡുകളില്‍ 5000-ല്‍ മാത്രമേ രോഗികളുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 5000 കിടക്കകളില്‍ 1600-1700 ബെഡുകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.