‘കെജ്രിവാൾ മദ്യ ലോബികളിൽ നിന്ന് പങ്കുപറ്റുന്നു’, രാജീവ് ചന്ദ്രശേഖർ

ഡൽഹി : ദില്ലി സർക്കാർ 2021 ൽ നടപ്പിലാക്കിയ മദ്യ നയം അഴിമതിയിൽ കെട്ടിപ്പൊക്കിയതാണെന്ന് ബിജെപി ആരോപിക്കുകയും സിബിഐ അന്വേഷണം തുടരുകയും ചെയ്യുന്നതിനിടയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാഷ്ട്രിയത്തിലെ സംശുദ്ധതയെ കുറിച്ച് പ്രസം​ഗിക്കുന്ന കെജ്രിവാൾ മദ്യ ലോബികളിൽ നിന്ന് പങ്കുപറ്റുകയാണോ എന്ന് മന്ത്രി ചോദിച്ചു. മദ്യം ബ്രോക്കറേജും കമ്മീഷനും തട്ടുക എന്ന ഒരേയൊരു ദൗത്യമേ കെജ്രിവാളിന് ഉള്ളൂവെന്ന് രാജീവ് ചന്ദ്രശേഖ‍ർ ആരോപിച്ചു. ദില്ലി എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട് കുൽവീന്ദർ മർവയുടെ വികാരനിർഭരമായ വെളിപ്പെടുത്തൽ പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ ട്വീറ്റ്.

2021 നവംബർ മുതലാണ് പുതിയ മദ്യനയം ദില്ലി സർക്കാർ നടപ്പാക്കി തുടങ്ങിയത്. അതുവരെ സർക്കാറിന്‍റെയും സ്വകാര്യവ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വിവിധ ഔട്ലെറ്റുകളിലൂടെയായിരുന്നു രാജ്യതലസ്ഥാനത്ത് മദ്യവില്‍പന. പുതുക്കിയ മദ്യനയ പ്രകാരം സർക്കാർ മദ്യവില്‍പനയില്‍ നിന്നും പൂർണമായി പിന്‍മാറി. ദില്ലിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 ഷോപ്പുകൾ വീതം 864 ഔട്ലെറ്റുകൾക്കാണ് ടെന്‍ഡർ വിളിച്ച് അനുമതി നല്‍കിയത്.

മദ്യമാഫിയയെ ഇല്ലാതാക്കാനാണ് നടപടിയെന്നാണ് ആംആദ്മി സർക്കാർ വിശദീകരിച്ചെങ്കിലും കാര്യങ്ങൾ മറിച്ചാണ് സംഭവിച്ചതെന്ന് പിന്നീട് വ്യക്തമായി. പുതിയ സ്വകാര്യ ഔട്ലെറ്റുകളിലൂടെ മത്സരിച്ച് വില്‍പന തുടങ്ങിയതോടെ മദ്യത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികളുയർന്നു. മദ്യനയം നടപ്പാക്കിയ രീതിയില്‍ അഴിമതിയുണ്ടെന്ന സംശയവും ശക്തമായി.

മദ്യനയ കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കൂടാതെ സിസോദിയ അടക്കമുളളവർക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം എതിർത്ത് സിസോദിയയ്ക്ക് പ്രതിരോധം തീർത്ത് കെജ്രിവാൾ നേരിട്ട് രം​ഗത്തെത്തുകയാണ് ഉണ്ടായത്.

Top