രാജ്യത്തിന്റെ ഉത്തരവാദിത്വം സ്ത്രീകളുടെ കൈകളില്‍: കെജ്രിവാള്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം ഇന്ന് തെരഞ്ഞെടുപ്പ് ചൂടിലാണ്. സാധരണക്കാര്‍-പ്രമുഖര്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവരും തങ്ങളുടെ സമ്മിതിദാനവകാശം രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലേയ്ക്ക് പോകുകയാണ്. ഡല്‍ഹി മുഖ്യന്‍ അരവിന്ദ് കെജ്രിവാളും തന്റെ സമ്മതിദാനവകാശം രേഖപ്പെടുത്തി കഴിഞ്ഞു.

ഇപ്പോഴിതാ സ്ത്രീകള്‍ പുറത്തേക്ക് വരണമെന്നും എല്ലാവരും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍. വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത് പോലെ രാജ്യത്തിന്റെയും ഡല്‍ഹിയിടേയും ഉത്തരവാദിത്വം നിറവേറ്റണമെന്നും അദ്ദേഹം സ്ത്രീകളോടായി ആവശ്യപ്പെട്ടു.

‘തീര്‍ച്ചയായും പോകണം, വോട്ട് രേഖപ്പെടുത്തണം. സ്ത്രീകളോട് ഒരു അഭ്യര്‍ഥനയുണ്ട്, വീടിന്റെ ഉത്തരവാദിത്വങ്ങള്‍ നിങ്ങള്‍ ഏറ്റെടുക്കുന്നതുപോലെ രാജ്യത്തിന്റെയും ഡല്‍ഹിയുടെയും ഉത്തരവാദിത്വവും നിങ്ങള്‍ക്കുണ്ട്. എല്ലാ സ്ത്രീകളും നിര്‍ബന്ധമായും വോട്ട് രേഖപ്പെടുത്തുകയും കുടുംബത്തിലെ പുരുഷന്മാരെ നിങ്ങള്‍ക്കൊപ്പം കൊണ്ടുപോവുകയും വേണം. പുരുഷന്മാരോട് ചര്‍ച്ച ചെയ്യണം, ആരാണ് വോട്ട് അര്‍ഹിക്കുന്ന സ്ഥാനാര്‍ഥിയെന്ന്.’ – കെജ്രിവാള്‍ പറഞ്ഞു.

രാജ്പുര ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ കുടുംബത്തിനൊപ്പം എത്തിയാണ് കെജ്രിവാള്‍ വോട്ട് രേഖപ്പെടുത്തിയത്.അദ്ദേഹത്തിന്റെ മകന്റെ കന്നി വോട്ട് കൂടിയാണ് ഇത്.

ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മത്സരമാണ് മിക്ക മണ്ഡലങ്ങളിലും നടക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായി ജെഡിയു 2 സീറ്റിലും എല്‍ജെപി 1 സീറ്റിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍ജെഡി 4 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ബിഎസ്പി 42 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുമായാണ് ആം ആദ്മി പാര്‍ട്ടി വിജയം ആഘോഷിച്ചത്. ബിജെപി 3 സീറ്റില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. ഇക്കുറി നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പ് ഫലം 11 നാണ് പുറത്ത് വരുന്നത്. ഇന്നു വൈകിട്ട് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്.

Top