കെജ്രിവാള്‍ പൊരുതേണ്ടത് 92 എതിരാളികളോട് ; സിനിമാ താരം മുതല്‍ ടാക്സി ഡ്രൈവര്‍ വരെ!

നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹി സീറ്റില്‍ നിന്ന് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ഫെബ്രുവരി 8ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പത്രിക സമര്‍പ്പിക്കാന്‍ റീട്ടേണിംഗ് ഓഫീസര്‍ക്ക് മുന്നില്‍ ആറ് മണിക്കൂറാണ് അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നത്. മറ്റ് 65 സ്ഥാനാര്‍ത്ഥികളും പത്രിക സമര്‍പ്പണത്തിന് എത്തിയതോടെയാണ് ഡല്‍ഹി മുഖ്യന്‍ ‘ടെന്‍ഷന്‍’ അടിച്ചത്.

ന്യൂഡല്‍ഹിയില്‍ ആകെ മത്സരിക്കുന്നവരുടെ എണ്ണം കേട്ടാല്‍ കഥയുടെ കിടപ്പ് ഏകദേശം പിടികിട്ടും. 93 പേരാണ് ഈ സീറ്റിനായി മത്സരരംഗത്തുള്ളത്. വെള്ളിയാഴ്ച പത്രിക പിന്‍വലിക്കാനുള്ള തീയതി അവസാനിക്കുന്നതോടെയാകും അവസാന ചിത്രം വ്യക്തമാകുക. ടോക്കണ്‍ നമ്പര്‍ 45മായി ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ 10 മുന്‍ കോണ്‍ട്രാക്ട് ജീവനക്കാര്‍, അഞ്ചോളം ടാക്‌സി ഡ്രൈവര്‍മാര്‍, 2011ലെ അഴിമതിക്കെതിരെ ഇന്ത്യ മൂവ്‌മെന്റില്‍ പങ്കെടുത്ത നാലോളം സാമൂഹിക പ്രവര്‍ത്തകര്‍, ഒരു ദേശീയ ഹോക്കി താരം എന്നിവര്‍ക്ക് പിന്നിലാണ് അരവിന്ദ് കെജ്രിവാള്‍ ടോക്കണും പിടിച്ച് ഊഴം കാത്തിരുന്നത്.

കോണ്‍ട്രാക്ട് ജീവനക്കാര്‍ക്ക് തുല്യവേതനം ആവശ്യപ്പെട്ട് സമരം ചെയ്തതിന് ഡിടിസി പുറത്താക്കിയ മുന്‍ ജീവനക്കാരാണ് കെജ്രിവാളിന് എതിരെ മത്സരത്തിന് ഇറങ്ങുന്നത്. ഭരണത്തിലിരിക്കുന്ന എഎപി സര്‍ക്കാര്‍ ഓട്ടോറിക്ഷ നിരക്ക് പരിഷ്‌കരിച്ച് നല്‍കിയപ്പോള്‍ ടാക്‌സി ഡ്രൈവര്‍മാരെ ഇതില്‍ നിന്നും ഒഴിവാക്കി. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് ടാക്‌സി ഡ്രൈവര്‍മാര്‍ മത്സരിക്കുന്നത്.

ഊഴം കാത്തുനിന്ന് ഒടുവില്‍ പത്രിക സമര്‍പ്പിക്കാന്‍ സമയം വന്നപ്പോള്‍ ഓഫീസില്‍ വൈദ്യുതി തടസ്സം നേരിടുകയും ചെയ്തു. ഇത് എതിരാളികളുടെ കളിയാണെന്ന് എഎപി നേതാക്കളില്‍ ചിലര്‍ ആരോപിക്കുകയും ചെയ്തു.

Top