ചെന്നൈ: കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും അഴിമതിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരണമെന്നും ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍.
തമിഴ് സൂപ്പര്‍ സ്റ്റാറുമായി ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാഷ്ട്രീയ പ്രവേശനത്തിന് കമല്‍ഹാസന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആയിരുന്നു കൂടിക്കാഴ്ച. കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷര വിമാനത്താവളത്തിലെത്തി കെജ്‌രിവാളിനെ സ്വീകരിച്ചു. തുടര്‍ന്ന് ചെന്നൈയിലെ ആള്‍വാര്‍പേട്ടിലെ കമല്‍ഹാസന്റെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.
കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് കൂടിക്കാഴ്ചയ്ക്കിടെ കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി മുഖ്യമന്ത്രി തന്നെ കാണാന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞു. അഴിമതി രഹിത ഇന്ത്യക്കായി കെജ്‌രിവാള്‍ നടത്തിയ പോരാട്ടങ്ങളെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.
അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നവരെല്ലാം തന്റെ ബന്ധുക്കളാണെന്നും ആ നിലയ്ക്ക് കെജ്‌രിവാളും തന്റെ ബന്ധുവാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.
വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും കെജ്‌രിവാളും വ്യക്തമാക്കി.
രാജ്യം അഴിമതിയും വര്‍ഗീയതയും മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ വര്‍ഗീയതയ്ക്ക് എതിരാണെന്നും, കമല്‍ഹാസനും ഇതുസംബന്ധിച്ച ആശങ്ക പങ്കുവച്ചുവെന്നും കേജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടിലും രാജ്യം മുഴുവനുമുള്ള സ്ഥിതിഗതികളും തമ്മില്‍ ചര്‍ച്ച ചെയ്തുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി കമല്‍ഹാസന്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.