ശമ്പള വര്‍ദ്ധന ; മെട്രോ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി കേജരിവാള്‍

kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രംഗത്ത്. ജീവനക്കാരോട് സമരത്തിലേക്ക് നീങ്ങരുതെന്ന് കേജരിവാള്‍ ആവശ്യപ്പെട്ടു.

മാത്രമല്ല, സമരവുമായി ജീവനക്കാര്‍ മുന്നോട്ട് പോയാല്‍ എസ്മ പ്രയോഗിക്കുമെന്നും കേജരിവാള്‍ അറിയിച്ചു. മെട്രോ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്ന് പറഞ്ഞ കേജരിവാള്‍ ലക്ഷകണക്കിന് ജനങ്ങളെ സമരം ബാധിക്കുമെന്നും വ്യക്തമാക്കി.

നേരത്തെ, മെട്രോ റെയില്‍വെയിലെ ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ ചെയ്യുന്നവര്‍, ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍, നോണ്‍ എക്സിക്യുട്ടീവ് ഉദ്യോഗസ്ഥരായ 9000 പേരടക്കം സമരത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ശമ്പള വര്‍ധന അടക്കം എട്ടു വിഷയങ്ങളിലുള്ള ആവശ്യങ്ങള്‍ ജീവനക്കാരുടെ സംഘടന കേന്ദ്ര നഗരവികസന മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നാല്‍, ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. അതേതുടര്‍ന്നാണ് റെയില്‍വെയുടെ സുപ്രധാന വിംഗിലുള്ളവരെല്ലാം സമരത്തിന് ഇറങ്ങുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചത്.

Top