ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്നും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്രിവാള്‍ ഗോവയിലായിരിക്കും. നാലാം തവണയാണ് ഇഡി കെജ്രിവാളിന് നോട്ടീസ് അയയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയും കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇഡി നടപടി രാഷ്ട്രീയ പ്രേരിതവും നിയമ വിരുദ്ധവും എന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടേയും ആം ആദ്മി പാര്‍ട്ടിയുടെയും നിലപാട്. കഴിഞ്ഞ മൂന്നുതവണയും ചോദ്യം ചെയ്യലിന് ഹാജരാകില്ല എന്ന് കേജരിവാള്‍ ഇഡിയെ അറിയിച്ചിരുന്നു. കെജ്‌രിവാള്‍ അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
മദ്യനയം രൂപീകരിച്ചതിലൂടെ ആം ആദ്മി പാര്‍ട്ടിയും മനീഷ് സിസോദിയ ഉള്‍പ്പടെയുള്ളവരും സാമ്പത്തിക നേട്ടമുണ്ടാക്കി എന്നാണ് അന്വേഷണ ഏജന്‍സികളുടെ ആക്ഷേപം. കേസുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ കെജ്രിവാളിനെ സിബിഐ ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കേസില്‍ ആം ആദ്മി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങിനെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഇടനിലക്കാരനായ ദിനേഷ് അറോറ എന്ന വ്യവസായി സഞ്ജയ് സിങുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇദ്ദേഹമാണ് അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന മനീഷ് സിസോദിയയെ പരിചയപ്പെടുത്തിയതെന്നുമായിരുന്നു സഞ്ജയ് സിങിന്റെ അറസ്റ്റില്‍ ഇഡി ആരോപണം.