അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാലും അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി. ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തില്‍ കെജ്‌രിവാള്‍ തുടരും. സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തങ്ങളുടെ അഭിഭാഷകര്‍ കോടതിയിലേക്ക് എത്തുന്നു. രാത്രി തന്നെ അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. പ്രതിച്ഛായ തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും എഎപി ആരോപിച്ചു.
രാഷ്ട്രീയ ഗൂഢാലോചനയാണിത്. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണിത്. മോദിക്ക് കെജ്‍രിവാളിനെ പേടിയാണ്. രണ്ട് വർഷമായി പാർട്ടിക്കെതിരെ ഒരു തെളിവും കേന്ദ്ര ഏജൻസികൾക്ക് കണ്ടെത്താനായില്ല. ഒരു രൂപ പോലും കണ്ടെടുത്തില്ലെന്നും എഎപി പറഞ്ഞു.
ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് കോൺഗ്രസും ആരോപിച്ചു. അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി 12 അംഗ എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെജ്‌രിവാളിന്റെ വീട്ടിലെത്തിയത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. മൊബൈൽ ഫോൺ ഉൾപ്പെടെ ഇഡി കസ്റ്റഡിയിലെടുത്തു.
കെജ് രിവാളിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വീടിന് പുറത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ടു തവണ സമന്‍സ് അയച്ചിട്ടും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. മദ്യനയ കേസിൽ ബിആർഎസ് നേതാവ് കെ കവിത അറസ്റ്റിലായി ഒരാഴ്ച തികയുന്നതിന് മുമ്പാണ് ഇഡി സംഘം ഡൽഹി മുഖ്യമന്ത്രിയെയും അറസ്റ്റ് ചെയ്തത്. ദില്ലിയിൽ സംഘർഷാവസ്ഥ തുടരുകയാണ്.