ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മെലാനിയ ട്രംപ് സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.കെജ്രിവാളും സിസോദിയയും ചേര്‍ന്നു മെലനിയയെ സ്വീകരിക്കാനായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ ഇപ്പോഴിതാ പരിപാടിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും മനപ്പൂര്‍വ്വം ഒഴിവാക്കി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
അടുത്തയാഴ്ച സൗത്ത് ഡല്‍ഹി സ്‌കൂളിലാണു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപ് ‘ഹാപ്പിനസ് ക്ലാസ്’ കാണാനെത്തുന്നത്. പരിപാടിയില്‍ കെജ്രിവാളിന്റെയും സിസോദിയയുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ദ്വിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് ദക്ഷിണ ഡല്‍ഹിയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥിയായി മെലാനിയ എത്തുന്നത്. ഒരു മണിക്കൂറോളം സ്‌കൂളില്‍ ചെലവിടുന്ന മെലനിയ വിദ്യാര്‍ഥികളുമായി സംവദിക്കും.
സ്‌കൂള്‍ കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടുവര്‍ഷം മുമ്പ് മനീഷ് സിസോദിയയാണ് ‘ഹാപ്പിനെസ്സ് കരിക്കുലം’ അവതരിപ്പിക്കുന്നത്. 40 മിനിട്ട് നീണ്ടുനില്‍ക്കുന്ന മെഡിറ്റേഷനും ക്ലാസിന് പുറത്തുള്ള ആക്ടിവിറ്റികളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ചര്‍ച്ചകള്‍ നടത്തുന്ന സമയത്തു മെലനിയ തനിച്ചാണു സ്‌കൂള്‍ സന്ദര്‍ശിക്കുക എന്നാണു വിവരം.
ഫെബ്രുവരി 24,25 തിയതികളിലാണ് ട്രപും ഭാര്യം മെലാനിയ ട്രപും ഇന്ത്യയിലെത്തുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഇതിനോടകം തന്നെ വന്‍ വിവദാങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ ആഹാരമോ പാര്‍പ്പിടമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ വലയുമ്പോള്‍ ട്രംപിന്റെ വെറും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മുടക്കുന്നത് കോടികളാണ്. ഇതാണ് വിവാദങ്ങള്‍ കളമൊരുക്കിയത്.