രോഷാകുലനായ ഹനുമാന്റെ ചിത്രം നേരത്തെ തന്നെ ഇന്ത്യയില്‍ ഹിറ്റാണ്. വാഹനങ്ങളില്‍ പതിവായി കാണുന്ന ഈ ചിത്രം ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാളിന്റെ ‘മാസ്സ്’ വിജയത്തിന് ശേഷം വഴിമാറുകയാണ്. പുതിയ ഹനുമാന്‍ ചിത്രം ഇതിനകം രംഗത്ത് വന്നുകഴിഞ്ഞു, പക്ഷെ ഈ ചിത്രത്തില്‍ ചിരിക്കുന്ന മുഖമാണ് ഹനുമാനുള്ളത്.
രോഷം ഭാവിച്ച ഹനുമാന്റെ സ്റ്റിക്കറുകള്‍, ടിഷര്‍ട്ടുകള്‍ എന്നിവ വളരെ പ്രശസ്തമാണ്. ന്യൂഡല്‍ഹി മുതല്‍ ഇങ്ങ് കേരളത്തില്‍ വരെ ചിത്രം പ്രചാരത്തിലുണ്ട്. 2015ല്‍ കരണ്‍ ആചാര്യ ഡിസൈന്‍ ചെയ്ത ഈ ചിത്രം ഹനുമാനെ അതിശക്തനായി ചിത്രീകരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം പുതിയൊരു ഹനുമാന്‍ ചിത്രം ഹിറ്റായി മാറുകയാണ്.
ഇന്ത്യന്‍ നിരത്തുകള്‍ ഭരിച്ച, രാമഭഗവാന്റെ ഭക്തനായ ഹനുമാന്റെ പുഞ്ചിരിക്കുന്ന ചിത്രമാണ് പകരം സ്ഥാനം പിടിക്കുന്നത്. മുന്‍ മാധ്യമപ്രവര്‍ത്തകനായ ആകാശ് ബാനര്‍ജിയാണ് ഈ ചിരിക്കുന്ന മുഖത്തിന് പിന്നില്‍. ഒരു സാമൂഹിക ആക്ഷേപഹാസ്യ സൈറ്റില്‍ ഈ ചിത്രം പ്രിന്റ് ചെയ്ത ടി ഷര്‍ട്ട് വില്‍പ്പനയ്ക്കും എത്തിക്കഴിഞ്ഞു.
‘ഹനുമാനെ വീണ്ടും കണ്ടെത്താന്‍ സമയമായി. നമ്മള്‍ കേട്ടറിഞ്ഞ സ്‌നേഹിച്ച ഹനുമാന്‍. ഹാപ്പി ഹനുമാന്‍ രാമദേവന്റെ വിശ്വസ്തരായ ഭക്തന്‍മാര്‍ക്കുള്ള ആദരവാണ്. നമുക്ക് ചിരി തിരികെ എത്തിക്കാം’, ഉത്പന്നത്തിന്റെ വിവരത്തില്‍ രേഖപ്പെടുത്തി. രാമാനന്ദ് സാഗറിന്റെ രാമായണം കാഴ്ചക്കാരുടെ മനസ്സിലും പുഞ്ചിരിക്കുന്ന ഹനുമാനെയാണ് പ്രതിഷ്ഠിച്ചത്.
അരവിന്ദ് കെജ്രിവാള്‍ ഹനുമാന്‍ ചാലിസ പാടിയ ശേഷമാണ് ചിരിക്കുന്ന മുഖമുള്ള ഹനുമാന്‍ ടിഷര്‍ട്ട് ഹിറ്റായത്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ച ശേഷം ഡല്‍ഹിയെ അഭിസംബോധന ചെയ്യുമ്പോഴും ഹനുമാന്‍ ഭഗവാന് നന്ദി പറഞ്ഞിരുന്നു.