വൈറ്റ് ഹൗസ് ഉപദേശക സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് കെല്ലിയാന്‍ കോണ്‍വേ

ഈ മാസം അവസാനത്തോടെ വൈറ്റ് ഹൗസ് ഉപദേശക സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് കെല്ലിയാന്‍ കോണ്‍വേ. ആഗസ്റ്റ് അവസാനത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭരണനിര്‍വഹണ ഓഫീസില്‍ നിന്നും രാജിവെക്കുകയാണെന്ന് അവര്‍ അറിയിച്ചു. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിനാലാണ് രാജി വെക്കുന്നതെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം. യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് കെല്ലിയാന്‍ കോണ്‍വേയുടെ പിന്മാറ്റം.

ട്രംപിന്റെ രാഷ്ട്രീയ, നയപരമായ വിഷയങ്ങളെ കുറിച്ച് കൃത്യമായി അറിയാവുന്ന അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഒരാളാണ് കെല്ലിയാന്‍ കോണ്‍വേ. 2016 ലെ ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിനിന്റെ മൂന്നാം മാനേജരായിരുന്നു കോണ്‍വേ. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാംപയിന്‍ വിജയകരമായി കൈകാര്യം ചെയ്ത ആദ്യ വനിത കൂടിയായി അതുകൊണ്ടുതന്നെ അവര്‍. ട്രംപിന്റെ ഏറെ വിശ്വസ്തയായ ഉപദേശകയാണ് കെല്ലിയാന്‍ കോണ്‍വേ.

കെല്ലിയാന്‍ കോണ്‍വേയുടെ ഭര്‍ത്താവ് ജോര്‍ജ് കോണ്‍വേ, ലിങ്കണ്‍ പ്രൊജക്ടിലെ തന്റെ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കുട്ടികള്‍ക്കും കുടുംബത്തിനും പ്രാധാന്യം നല്‍കേണ്ട സാഹചര്യത്തിലാണ് സ്ഥാനം ഒഴിയുന്നതെന്നാണ് ജോര്‍ജ് കോണ്‍വേയുടെയും വിശദീകരണം.

Top