കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ. നിയമവ്യവസ്ഥയെ നാല്‍പ്പത് വര്‍ഷത്തോളം പിന്നോട്ടടിക്കുന്ന വിധിയാണിത്. തികച്ചും ബാലിശവും വികലവുമായ വിധിയില്‍ നിരാശനാണെന്നും അദ്ദേഹം പറഞ്ഞു.
പണവും സ്വാധീനവുമുള്ള പ്രതിഭാഗം മറുപക്ഷത്തുണ്ടായിരുന്നിട്ടും ഒഴുക്കിനെതിരെ നീന്തിയാണ് പോലീസും പ്രോസിക്യൂഷനും ഈ കേസ് കൈകാര്യം ചെയ്തത്. അവരെ കുറ്റപ്പെടുത്താന്‍ തക്ക വീഴ്ചകളൊന്നും കാണുന്നില്ല. അതിനാല്‍ തന്നെ പോലീസും പ്രോസിക്യൂഷനും പരാജയമായിരുന്നെന്ന് പറയാന്‍ കഴിയില്ല.
നീതിപീഠം കന്യാസ്ത്രീയുടെ വാക്കുകള്‍ക്ക് കുറേക്കൂടി വിശുദ്ധി നല്‍കണമായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയെ എങ്ങനെയെല്ലാം അവിശ്വസിക്കാം എന്നതിലാണ് ഗവേഷണം നടന്നതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു. അപ്പീല്‍ പോയാല്‍ ഉറപ്പായും പ്രതിക്ക് ശിക്ഷ ലഭിക്കാവുന്ന കേസാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വേദനകളും വിഷമങ്ങളുമൊന്നും പുറത്തുപറയാന്‍ കഴിയാതെ ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ഇതുപോലെയുള്ള സംഭവങ്ങള്‍ക്കെതിരെ പ്രതിഷേധിക്കേണ്ടതും പ്രതികരിക്കേണ്ടതും ഒരു പൗരന്റെ ചുമതലയാണ്. അങ്ങനെയുള്ള സാഹചര്യത്തിലാണ് കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയത്. അതിനാലാണ് പണവും സ്വാധീനവുമുള്ള പ്രതി അറസ്റ്റിലായത്. അതിനെ പുച്ഛിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ജുഡീഷ്യറിയുടെ ജോലിയല്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ വിമര്‍ശിച്ചു.