തിരുവനന്തപുരം : കന്യാസ്ത്രീയുടെ പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നത് സ്വാധീനങ്ങള്‍ക്ക് വഴങ്ങിയത് മൂലമെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി കെമാല്‍ പാഷ.
പൊലീസ് വ്യത്യസ്ത സത്യവാങ്മൂലങ്ങള്‍ നല്‍കിയത് കോടതിയലക്ഷ്യമാണ്. വലിയ വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കില്‍ ബിഷപ്പിനെതിരെ എന്തുകൊണ്ട് ആദ്യം സത്യവാങ്മൂലം നല്‍കി. ആദ്യ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ പൊലീസ് നിലപാട്. അന്വേഷണസംഘം ജനങ്ങള്‍ക്ക് മുന്‍പില്‍ അവഹേളിക്കപ്പെടുകയാണ്. അന്വേഷണത്തില്‍ പോരായ്മയുണ്ടെങ്കില്‍ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാമെന്നും കെമാല്‍ പാഷ അറിയിച്ചു.
അതേസമയം ജലന്ധര്‍ ബിഷപ്പിനെതിരായ ബലാല്‍സംഗക്കേസിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയെന്നാണ് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടത്. സിബിഐ അന്വേഷണത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും അറസ്റ്റല്ല തെളിവുകളാണ് പ്രധാനമെന്നും കോടതി പറഞ്ഞിരുന്നു. ബിഷപ്പിനെതിരായ ബലാല്‍സംഗക്കേസിലെ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടുളള ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയേറുകയാണ്. സമരം ആറാം ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ പിന്തുണയുമായി നിരവധി വനിതാ കൂട്ടായ്മകളാണ് സമരപ്പന്തലില്‍ എത്തിയത്.