Kenya faces legal action over refugee camp closure

നൈറോബി: ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ കെനിയയിലെ ദാദാബ് നവംബറോടെ അടച്ചുപൂട്ടുമെന്ന് കെനിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മൂന്നര ലക്ഷത്തോളം അഭയാര്‍ഥികള്‍ കഴിയുന്ന ദാദാബ് അടച്ചുപൂട്ടുമെന്ന് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. സാമ്പത്തിക, സുരക്ഷാ കാരണങ്ങളാലാണ് സോമാലി അതിര്‍ത്തിയിലുള്ള ദാദാബ് പൂട്ടാന്‍ കെനിയയെ നിര്‍ബന്ധിതരാക്കിയത്.

ക്യാമ്പ് അടച്ചുപൂട്ടുന്ന കാര്യം കെനിയ യു.എന്‍ അഭയാര്‍ഥി ഏജന്‍സിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എന്നാല്‍, കെനിയയുടെ നീക്കത്തിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തത്തെി. നിരവധി സന്നദ്ധ സംഘടനകളുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ദാദാബ് അടച്ചുപൂട്ടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞയാഴ്ച, ദാദാബിലെ അഭയാര്‍ഥികളെ ഏറ്റെടുക്കുമെന്ന് സോമാലിയ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായാല്‍ ദാദാബിലെ ജനങ്ങള്‍ക്ക് സോമാലിയ അഭയം നല്‍കിയേക്കും. നിലവില്‍ കെനിയയില്‍ ആറുലക്ഷത്തോളം അഭയാര്‍ഥികളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

Top