സംസ്ഥാനത്തെ 16 ഡാമുകള്‍ ക്യാമറ കണ്ണിന്റെ നിരീക്ഷണത്തില്‍

കോട്ടയം: ഡാമുകളുടെ സുരക്ഷ ശക്തിപ്പെടുത്താനും കേന്ദ്രീകൃത നിരീക്ഷണത്തിനുമായി സംസ്ഥാനത്തെ 16 ഡാമുകള്‍ കാമറക്കണ്ണുകളുടെ നിരീക്ഷണത്തിലേക്ക്. ഇടുക്കി, ഇടമലയാര്‍, ലോവര്‍ പെരിയാര്‍, നേര്യമംഗലം, ചെങ്കുളം, പള്ളിവാസല്‍, പെരിങ്ങല്‍ക്കുത്ത്, കക്കയം, ശബരിഗിരി, കക്കാട്, ഷോളയാര്‍ എന്നിവയടക്കമുള്ള ഡാമുകളിലാണ് കെ.എസ്.ഇ.ബി കാമറ സ്ഥാപിക്കുന്നത്. ഇതിനായി തിരുവനന്തപുരം ആസ്ഥാനമായ സ്വകാര്യകമ്പനിക്ക് കരാര്‍ നല്‍കി കഴിഞ്ഞു.

16 കോടി ചെലവില്‍ 178 അത്യാധുനിക കാമറയും സംവിധാനങ്ങളുമാകും ഒരുക്കുക. ആറുമാസത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കും. ഇന്റര്‍നെറ്റ് ഫോണ്‍ അടക്കമുള്ള സംവിധാനങ്ങളും ഇതിനൊപ്പമുണ്ടാകും. ജലനിരപ്പ് നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലും കാമറകള്‍ സജ്ജീകരിക്കും.

ഒരോ ഡാമിലെയും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അതത് സ്ഥലങ്ങളില്‍ സൗകര്യമൊരുക്കുന്നതിനൊപ്പം കേന്ദ്രീകൃതസംവിധാനവുമുണ്ടാകും. അണക്കെട്ടുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും സുരക്ഷമേല്‍നോട്ടത്തിനുമായുള്ള ഡാം സുരക്ഷ ഓര്‍ഗനൈസേഷന്റെ കോട്ടയം പള്ളത്തെ ആസ്ഥാനത്താകും മുഴുവന്‍ കാമറദൃശ്യങ്ങളും ലഭ്യമാവുക.

Top