തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. നവംബര്‍ 1 മുതല്‍ 7 വരെ നടക്കുന്ന ‘കേരളീയം 2023’ ന്റെ ഭാഗമായി ആണ് നിയന്ത്രണം. മുഖ്യവേദികള്‍ ക്രമീകരിച്ചിരിക്കുന്ന കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളില്‍ സൗജന്യ യാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി ശിവന്‍കുട്ടിയും ആന്റണി രാജുവും അറിയിച്ചു.
വെള്ളയമ്പലം മുതല്‍ ജിപിഒ വരെ വൈകിട്ട് ആറു മുതല്‍ രാത്രി 10 വരെ വാഹന ഗതാഗതം നിയന്ത്രിക്കും. കേരളീയം വേദികള്‍ ബന്ധിപ്പിച്ചുകൊണ്ട് സന്ദര്‍ശകര്‍ക്ക് സൗജന്യ യാത്ര ഒരുക്കാന്‍ കെഎസ്ആര്‍ടിസി ഈ മേഖലയില്‍ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഇലക്ട്രിക് സ്വിഫ്റ്റ് ബസുകള്‍, പ്രത്യേക പാസ് വാഹനങ്ങള്‍, ആംബുലന്‍സുകള്‍, മറ്റ് എമര്‍ജന്‍സി സര്‍വീസുകള്‍ എന്നിവ മാത്രമേ അനുവദിക്കൂ.
കവടിയാര്‍ മുതല്‍ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവന്‍ വാഹനങ്ങളും കടത്തിവിടുന്നതാണ്. നിര്‍ദിഷ്ട പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാര്‍ക്കിംഗ് അനുവദിക്കില്ല. ഈ മേഖലയില്‍ ഇനി പറയുന്ന സ്ഥലങ്ങളിലൂടെ മാത്രം സ്വകാര്യ വാഹനങ്ങള്‍ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുന്നതാണ്. പാളയം യുദ്ധസ്മാരകം:പട്ടം, പിഎംജി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് യുദ്ധസ്മാരകം വേള്‍ഡ് വാര്‍ മെമ്മോറിയല്‍ പാളയം വഴി റോഡ് ക്രോസ് ചെയ്തു സര്‍വീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷന്‍-തമ്പാനൂര്‍ ഭാഗത്തേക്ക് പോകാവുന്നതാണ്.
കേരളീയത്തിനായി ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് തിരുവനന്തപുരം സിറ്റി പൊലീസ് ഒരുക്കിയിട്ടുള്ളത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 40 വേദികള്‍ ഉള്‍പ്പെടുന്ന മേഖലകളെ നാലുസോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായി തിരിച്ച് പഴുതടച്ചുള്ള സുരക്ഷാക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്.
പ്രധാന വേദികളില്‍ ആരോഗ്യവകുപ്പിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആംബുലന്‍സ് അടക്കമുള്ള സേവനം ഉറപ്പാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളില്‍ പൊലീസിന്റെയും സിറ്റി ഷാഡോ ടീമിന്റെയും നിരന്തരമായ നിരീക്ഷണവും ശക്തമാക്കും. കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കും.