കേരളത്തിൽ പാർട്ടി സംവിധാനം ശക്തമാക്കാനൊരുങ്ങി ആംആദ്മി

കൊച്ചി: സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ മുന്നണികൾക്കെതിരെ പ്രതിഷേധ കൂട്ടായ്മയുമായി ആംആദ്മി. ജില്ല കേന്ദ്രങ്ങളില്ലാം ആംആദ്മി സമാധാന പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. രണ്ട് വർഷം കഴിഞ്ഞ് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംവിധാനം ശക്തമാക്കാനൊരുങ്ങുകയാണ് ആംആദ്മി.

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ ചലനമുണ്ടാക്കാനൊരുങ്ങുകയാണ് ആം ആദ്മി. ഇതിന് മുന്നോടിയായിട്ടായിരുന്നു 14 ജില്ല കേന്ദ്രങ്ങളിലും ഭരണ-പ്രതിപക്ഷ മുന്നണികൾക്കെതിരായുള്ള പ്രതിഷേധ റാലികൾ. കൊച്ചിയിലെ പ്രതിഷേധ കൂട്ടായ്മ പാർട്ടി സംസ്ഥാന കൺവീനർ പി.സി.സിറിയക് ഉദ്ഘാടനം ചെയ്തു.

തൃക്കാക്കര തെരഞ്ഞെടുപ്പിന് മുന്പ് അരവിന്ദ് കെജ്‍രിവാൾ നേരിട്ടെത്തി ട്വൻറി ട്വൻറിയുമായി സഖ്യം പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പാർട്ടി അടിത്തറ ശക്തിപ്പെടുത്തിയ ശേഷം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയാൽ മതിയെന്ന തീരുമാനത്തിൻറെ അടിസ്ഥാനത്തിലായിരുന്നു ഇത്. രണ്ട് വർഷം കഴിഞ്ഞുള്ള ലോക്സഭ തെരഞ്ഞെടുപ്പും, പിന്നലെയെത്തുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പും 2026ലെ നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ആപ്പിൻറെ പ്രവർത്തനങ്ങൾ.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്പ് തന്നെ 20,000 വാർഡുകളിലും പാർട്ടി കമ്മിറ്റികൾ രൂപീകരിക്കാനാണ് ശ്രമം. ഇതിൻറെ നാന്ദിയായി അടുത്ത മാസം മണ്ഡലം തലത്തിൽ ഭരണ-പ്രതിപക്ഷ മുന്നണികൾക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ആംആദ്മി അറിയിച്ചു.

Top