കൊച്ചി: ഹൈക്കോടതിയില്‍ പൂര്‍ണ്ണമായി ഇ ഫയലിംഗ് നടപ്പാക്കുന്നതിനെതിരെ കേരള അഡ്വക്കേറ്റ്‌സ് ക്ലര്‍ക്‌സ് അസോസിയേഷന്‍ സാങ്കേതികവത്കരണത്തിന്റെ പേരില്‍ ആയിരങ്ങളെ തൊഴില്‍ രഹിതരാക്കുന്ന നടപടി നീതിനിഷേധമാണെന്ന് സംഘടന വ്യക്തമാക്കി. ഇ ഫയലിംഗ് ഭാഗികമായി മാത്രം നടപ്പാക്കണമെന്ന ആവശ്യവുമായി തിങ്കളാഴ്ച കരിദിനം ആചരിക്കും.
കോടതികള്‍ സ്മാര്‍ട്ടാവുകയാണ് പക്ഷേ കോടതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ നിയമപരമായുള്ള എഴുത്ത് നടപടികള്‍ എല്ലാം കൈകാര്യം ചെയ്തിരുന്ന ജീവനക്കാര്‍ ഇനി മുതല്‍ തൊഴില്‍രഹിതരായി.ഇ ഫയലിംഗിലേക്ക് മാറുന്നതോടെ ഇവര്‍ ചെയ്ത് വന്നിരുന്ന ജോലി ജൂനിയര്‍ അഭിഭാഷകരോ, ടൈപ്പിസ്‌റ്റോ നടത്തും. ഇതോടെ സംസ്ഥാനത്തെ കോടതികളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന പതിനായിരത്തോളം അഭിഭാഷക ക്ലാര്‍ക്കുമാര്‍ക്കാണ് ജോലി നഷ്ടമാകുന്നത്.
പൂര്‍ണ്ണമായി ഓണ്‍ലൈന്‍ ഫയലിംഗിലേക്ക് മാറാതെ,നേരിട്ട് ഹര്‍ജി നല്‍കുന്ന രീതിയും തുടരണമെന്നാണ് ഇവരുടെ ആവശ്യം. ക്ഷേമനിധി ആനുകൂല്യം കൂടി ഇല്ലാതാകുന്നതോടെ നാല്പതുകള്‍ പിന്നിട്ട ഇവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ വഴിയില്ലാതെയാകും. തൊഴില്‍നഷ്ടമാകുന്നവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ നടപടികള്‍ വേണം. സംസ്ഥാന സര്‍ക്കാരിനും, ഹൈക്കോടതി ഭരണവിഭാഗത്തിനും പ്രതിസന്ധി അറിയിച്ച് സംഘടന കത്ത് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച നടത്തുന്ന കരിദിന ആചരണത്തോടെ വിഷയം പൊതുശ്രദ്ധയിലെത്തിക്കാനാണ് ഇവരുടെ ശ്രമം.