തിരുവനന്തപുരം: കേരള നിയമസഭാ അവാര്‍ഡ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക്. കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കിയ വ്യക്തിക്കാണ് അവാര്‍ഡ് നല്‍കുന്നത്. അശോകന്‍ ചരുവില്‍, പ്രിയ കെ നായര്‍, നിയമസഭാ സെക്രട്ടറി എ എം ബഷീര്‍ എന്നിവര്‍ അംഗങ്ങളായ ജൂറി പാനലാണ് അവാര്‍ഡ് ജേതാവിനെ തീരുമാനിച്ചത്.
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. നവംബര്‍ 1 മുതല്‍ 7 വരെ നിയമസഭാ സമുച്ചയത്തിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം നവംബര്‍ 2-ന് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. രണ്ടാം പതിപ്പ് കൂടുതല്‍ മികവോടെ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെരുമാള്‍ മുരുകന്‍, ഷബ്നം ഹഷ്മി, ശശി തരൂര്‍, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, എം മുകുന്ദന്‍, ആനന്ദ് നീലകണ്ഠന്‍, സച്ചിദാനന്ദന്‍, പ്രൊഫ. വി മധുസൂദനന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, മീന കന്ദസ്വാമി, അനിത നായര്‍, പ്രഭാവര്‍മ, കെ ആര്‍ മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രന്‍, പറക്കാല പ്രഭാകര്‍, സുനില്‍ പി ഇളയിടം, പി എഫ് മാത്യൂസ്, മധുപാല്‍, ഡോ. മനു ബാലിഗര്‍, ആഷാ മേനോന്‍, എന്‍ ഇ സുധീര്‍, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സി വി ബാലകൃഷ്ണന്‍ തുടങ്ങി125-ഓളം പ്രമുഖര്‍ പങ്കെടുക്കുന്ന വിവിധ സാഹിത്യ സദസ്സുകളും സംഘടിപ്പിക്കുന്നുണ്ട്.