kerala-assembly-election-adoor prakash-candidate-list-congress

ന്യൂഡല്‍ഹി: റവന്യുമന്ത്രി അടൂര്‍ പ്രകാശിന് സീറ്റ് ഉറപ്പ് വരുത്താന്‍ മുന്‍ കേന്ദ്രമന്ത്രി രംഗത്ത്. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ പത്തനംതിട്ട കോന്നി മണ്ഡലത്തില്‍ വിജയിച്ച അടൂര്‍ പ്രകാശിന് മന്ത്രിസ്ഥാനം ലഭിക്കുന്നതിനുവേണ്ടി ചരട് വലിച്ച മുന്‍ കേന്ദമന്ത്രിയാണ് ഇപ്പോഴും രംഗത്തിറങ്ങിയിട്ടുള്ളത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുന്‍പ് റവന്യുവകുപ്പ് എടുത്ത മെത്രാന്‍ കായല്‍ നികത്തല്‍, മിച്ചഭൂമി വിവാദം, തുടങ്ങിയവ സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതിനാല്‍ അടൂര്‍ പ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് പകരം പത്തനംതിട്ട ഡിസിസി പ്രസിഡന്റിന്റെ പേരാണ് കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

റവന്യുവകുപ്പിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്ന സുധീരന്‍ ഈ കൊള്ളക്ക് കൂട്ടുനില്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത് വന്‍ ഇടപാടുകള്‍ ഉത്തരവിന് പിന്നിലുണ്ടെന്ന് തിരിച്ചറിഞ്ഞാണ്.

നിലവില്‍ ബാര്‍കോഴ ആരോപണത്തില്‍പ്പെട്ട കെ ബാബുവിനെയും സോളാറില്‍ ആരോപണമുയര്‍ന്ന ബെന്നി ബെഹന്നാനെയും ഇരിക്കൂര്‍ എംഎല്‍എയായ കെസി ജോസഫിനെയും മത്സരരംഗത്തു നിന്ന് മാറ്റി നിര്‍ത്തണമെന്ന് ശഠിക്കുന്ന സുധീരന്‍ അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ സംസാരിക്കാന്‍ പോലും തയ്യാറല്ലെന്ന നിലപാടിലാണ്.

താനൊഴികെയുള്ള മറ്റ് മൂന്നു പേരുടെയും കാര്യത്തില്‍ ചിലര്‍ക്കെങ്കിലും ഹൈക്കമാന്റ് സമവായത്തില്‍ സീറ്റ് ലഭിക്കുമെന്ന് കരുതുന്ന അടൂര്‍ വെട്ടിനിരത്തപ്പെടാതിരിക്കാനാണ് ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്.

ഐ ഗ്രൂപ്പ് നേതാവായ അദ്ദേഹം ഗ്രൂപ്പ് നേതാക്കളെക്കാള്‍ വിശ്വാസമര്‍പ്പിക്കുന്നതും അടുപ്പക്കാരനായ മുന്‍ കേന്ദ്രമന്ത്രിയെയാണ്.

സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും ബന്ധമുള്ള ചില ‘ വ്യക്തികളെയും’ നിലനില്‍പ്പിനായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

എ ഗ്രൂപ്പ് നേതാക്കള്‍ക്ക് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആരോപണ വിധേയര്‍ക്കെതിരെ വി എം സുധീരനും വിട്ടുവീഴ്ചയില്ലാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ സമവായ ചര്‍ച്ചയില്‍ ആദ്യം വെട്ടിനിരത്തപ്പെടുക അടൂര്‍പ്രകാശ് ആണെന്നാണ് രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നത്. ഏറ്റവും കൂടുതല്‍ തവണ മത്സരിച്ച് പ്രവര്‍ത്തകരുടെ രോഷത്തിനിരയായ ഇരിക്കൂര്‍ എംഎല്‍എ കൂടിയായ മന്ത്രി കെസി ജോസഫിനൊപ്പം പാറശാല എംഎല്‍എയായ എടി ജോര്‍ജും സുധീരന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അതേസമയം, എംഎല്‍എമാരെക്കുറിച്ച് എഐസിസി നടത്തിയ രഹസ്യപഠനത്തില്‍ ഏറ്റവുമധികം പരാമര്‍ശങ്ങളുള്ളത് മന്ത്രി അടൂര്‍ പ്രകാശിനെതിരെയാണെന്നാണ് അറിയുന്നത്. രാഹുല്‍ ഗാന്ധി ഈ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം കൊക്കൊള്ളുക.

Top