kerala assembly election; BJP Breakthrough in five seats

കൊച്ചി: ഇടതു-വലതു മുന്നണികളെ ഒരേസമയം മുള്‍മുനയില്‍ നിര്‍ത്തുന്നത് അഞ്ച് മണ്ഡലങ്ങള്‍.

മഞ്ചേശ്വരം,പാലക്കാട്,ചെങ്ങന്നൂര്‍,വട്ടിയൂര്‍ക്കാവ്,നേമം മണ്ഡലങ്ങളിലെ ബിജെപിയുടെ തീഷ്ണമായ സാന്നിധ്യമാണ് ഇരുമുന്നണികളുടെയും കണക്ക് കൂട്ടലുകള്‍ തെറ്റിക്കുന്നത്.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലങ്ങളാണിത്.

പാലക്കാട് നഗരസഭാ ഭരണം പിടിച്ചെടുത്ത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച കാവിപ്പട തിരുവനന്തപുരം നഗരസഭയില്‍ വിജയസമാനമായ വിജയം നേടി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. മഞ്ചേശ്വരം,ചെങ്ങന്നൂര്‍ മേഖലകളിലും ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

പ്രതാപകാലത്തിന് മുന്‍പ് പോലും ബിജെപി ശക്തി തെളിയിച്ച മഞ്ചേശ്വരത്ത് മുന്നണികള്‍ പരസ്പരം വോട്ട് മറിച്ചത് കൊണ്ട് മാത്രം ഒരു എംഎല്‍എയെ സൃഷ്ടിക്കാന്‍ കഴിയാതെ പോയ സാഹചര്യം ഇത്തവണ മാറുമെന്നും സംസ്ഥാന സെക്രട്ടറിയും യുവനേതാവുമായ കെ സുരേന്ദ്രന്‍ അവിടെ വിജയിക്കുമെന്നുമുള്ള കണക്ക്കൂട്ടലിലാണ് ബിജെപി പ്രവര്‍ത്തകര്‍.

കഴിഞ്ഞ തവണ യുഡിഎഫിലെ പിബി അബ്ദുള്‍ റസാഖ് 5828 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണിത്.

പ്രചരണ രംഗത്ത് ഇതിനകം തന്നെ ഏറെ മുന്നിലായ സുരേന്ദ്രന്‍ മോദിയുടെ വരവോടെ അട്ടിമറി വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ്.

പൊള്ളുന്ന പാലക്കാടന്‍ കാറ്റിലും താമര വിരിയിക്കാനുള്ള ഓട്ടത്തിലായ തീപ്പൊരി പ്രാസംഗിക ശോഭ സുരേന്ദ്രന്‍ ഇരുമുന്നണി സ്ഥാനാര്‍ത്ഥികളെയും വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് പാലക്കാട് മണ്ഡലത്തില്‍.

സിറ്റിംങ് എംഎല്‍എ ഷാഫി പറമ്പിലിനോട് മുന്‍ എംഎല്‍എയും എംപിയുമൊക്കെയായ സിപിഎമ്മിലെ എന്‍എന്‍ കൃഷ്ണദാസ് നേരിട്ട് ഏറ്റുമുട്ടിയ സാഹചര്യം മാറി ഇപ്പോള്‍ അതിശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. മതേതര വോട്ടുകളുടെ ഭിന്നിപ്പിലൂടെ മണ്ഡലത്തില്‍ അത്ഭുതം സൃഷ്ടിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

സ്ത്രീ വോട്ടര്‍മാരുടെ പിന്‍തുണ ശോഭക്ക് വലിയ തോതില്‍ ലഭിക്കുമെന്നാണ് കണക്ക്കൂട്ടല്‍.

ഭൂമി ശാസ്ത്രപരമായി മണ്ഡലത്തില്‍ ശക്തമായ ന്യൂനപക്ഷ മേഖലകള്‍ ഉണ്ടെങ്കിലും ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രതിച്ഛായയുടെ കാര്യത്തില്‍ കരുത്തരായതിനാല്‍ ഇവിടെ ഈ വിഭാഗത്തിന്റെ വോട്ടുകളും ഭിന്നിപ്പിക്കപ്പെടാനാണ് സാധ്യത. കഴിഞ്ഞ തവണ 7403 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ വിജയിച്ചിരുന്നത്.

രാഷ്ട്രീയ നിരീക്ഷകരുടെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച പോരാട്ടമാണ് ചെങ്ങന്നൂരില്‍ ഇപ്പോള്‍ നടക്കുന്നത്.

ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും പൊതുവെ മിതവാദിയായി അറിയപ്പെടുന്ന അഡ്വ. ശ്രീധരന്‍ പിള്ളയുടെ സാന്നിധ്യമാണ് ഇവിടെ ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.

സിറ്റിംങ് എംഎല്‍എ പിസി വിഷ്ണുനാഥ് 12,500 വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ മുന്‍ എംഎല്‍എ കൂടിയായ കോണ്‍ഗ്രസ് റിബല്‍ ശോഭനാ ജോര്‍ജിന്റെ സാന്നിധ്യവും എന്‍എസ്എസ് ശ്രീധരന്‍ പിള്ളക്ക് നല്‍കുന്ന പിന്‍തുണയുമാണ് മുന്നണികളെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

ചെങ്ങന്നൂരില്‍ ശക്തമായ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ശ്രീധരന്‍ പിള്ള അട്ടിമറി വിജയം നേടുമോയെന്ന ആശങ്ക മുന്നണികള്‍ക്കിടയില്‍ ഇതിനകം തന്നെ രൂപപ്പെട്ടിട്ടുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന വട്ടിയൂര്‍കാവിലും സീനിയര്‍ നേതാവ് ഒ രാജഗോപാല്‍ മത്സരിക്കുന്ന നേമത്തും ആര് വിജയിക്കുമെന്ന കാര്യത്തില്‍ ഒന്നും പറയാന്‍ പറ്റാത്ത തരത്തിലുള്ള വാശിയേറിയ ത്രികോണമത്സരമാണ് പൊടി പൊടിക്കുന്നത്.

സംഘ്പരിവാറിന്റെ സകല ശക്തിയുമെടുത്താണ് ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിയുടെ പ്രകടനം.ആര്‍എസ്എസ് പ്രവര്‍ത്തകരും പ്രചരണത്തില്‍ സജീവമാണ്.

പ്രധാനമന്ത്രിയുടെ വരവോടെ തലസ്ഥാനത്ത് ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടാവുമെന്നും പരമ്പരാഗതമായ യുഡിഎഫ്-എല്‍ഡിഎഫ് വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടാകുമെന്നുമാണ് ബിജെപിയുടെ കണക്ക്കൂട്ടല്‍.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ മുന്നിട്ട് നിന്നതും ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്.

ഇവിടെയും മതേതരമായ വോട്ടുകളുടെ ഭിന്നിപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

നേമത്ത് സിപിഎമ്മിലെ വി ശിവന്‍കുട്ടി 6415 വോട്ടിനും വട്ടിയൂര്‍കാവില്‍ കോണ്‍ഗ്രസിലെ കെ മുരളീധരന്‍ 16,167 വോട്ടിനുമാണ് കഴിഞ്ഞ തവണ വിജയിച്ചത്.

Top