kerala assembly election-congress dreamed comeback kerala assembly

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ യുഡിഎഫ്.

ഇത്തവണ ഭരണവിരുദ്ധ വികാരം ജനങ്ങള്‍ക്കിടയില്‍ കുറവാണെന്നും വികസനത്തിനായി യുഡിഎഫിനെ പരിഗണിക്കുമെന്നുമാണ് പുറത്ത് നേതാക്കളുടെ പ്രചരണമെങ്കിലും ഭരണപക്ഷ വിരുദ്ധ വോട്ടുകളുടെ ഭിന്നിപ്പിലാണ് യുഡിഎഫിന്റെ സകലപ്രതീക്ഷയും.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിജെപി വോട്ട് ബാങ്കില്‍ തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ വന്‍ വര്‍ദ്ധനവുണ്ടായതാണ് യുഡിഎഫ് നേതൃത്വത്തിന് പ്രതീക്ഷയേകുന്നത്.

എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലുള്ള ബിഡിജെഎസ് കൂടി ബിജെപി മുന്നണിയില്‍ വന്നത് ഇടത്പക്ഷത്തിന് പരമ്പരാഗതമായി വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമെന്നും ഈ ‘ഗ്യാപ്പില്‍’ വിജയിച്ച് കയറാമെന്നുമാണ് കണക്ക്കൂട്ടല്‍.

ഇത്തവണ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമടക്കം പ്രാധാന്യം നല്‍കി മികച്ച പട്ടിക പുറത്തിറക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

മുസ്ലീംലീഗും കേരള കോണ്‍ഗ്രസും അവരുടെ ശക്തി കേന്ദ്രങ്ങളായ മലബാറിലും മധ്യകേരളത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

കോണ്‍ഗ്രസിന്റെ കൂടി പ്രകടനം മെച്ചപ്പെടുത്തുന്നതോടെ ചുരുങ്ങിയത് 80 സീറ്റുകളില്‍ വിജയിക്കാമെന്നാണ് കണക്ക്കൂട്ടല്‍.

സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഇടതുസര്‍ക്കാര്‍ വരാതിരിക്കുന്നതിനാവശ്യമായ നടപടികള്‍ ബിജെപി മുന്നണിക്ക് വിജയസാധ്യത ഇല്ലാത്ത ഇടങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ സ്വീകരിക്കുമെന്ന് തന്നെയാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് യുഡിഎഫ് പ്രവര്‍ത്തന കാമ്പയിന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

സിപിഎമ്മിനെ പരമാവധി ടാര്‍ഗറ്റ് ചെയ്ത് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുകയാണ് പ്രചരണലക്ഷ്യം.ഇത്തവണ ഇടതുപക്ഷം അധികാരത്തില്‍ വന്നില്ലെങ്കില്‍ പിന്നെ തിരിച്ചുവരവ് എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍.

പ്രചാരണ മേഖലയില്‍ പ്രൊഫഷണല്‍ ടീമിനെ തന്നെ നിയോഗിച്ചത് പുതുതലമുറയുടെ വോട്ട് ലക്ഷ്യമിട്ടു കൂടിയാണ്.

കോടിക്കണക്കിന് രൂപയാണ് ചാനല്‍-പത്രം സോഷ്യല്‍ മീഡിയ പ്രചരണത്തിനായി പൊടിക്കുന്നത്. ‘ഒരുവട്ടം കൂടി യുഡിഎഫ് സര്‍ക്കാര്‍’ എന്ന മുദ്രാവാക്യം ഹിറ്റായതിലും നേതൃത്വം ആവേശത്തിലാണ്.

Top