തൃശ്ശൂര്‍: പത്മജ വേണുഗോപാലിന്റെ പാരമ്പര്യത്തെ പോരാട്ടവീര്യം കൊണ്ട് ചെറുത്ത് ക്ഷുഭിത യൗവ്വനം.
സഭയുടെ പിന്‍തുണ നല്‍കിയ ആത്മവിശ്വാസത്തില്‍ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിന് പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ വന്‍ വെല്ലുവിളി ഉയര്‍ത്തുകയാണ് ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍.
കഴിഞ്ഞ നിയമസഭയില്‍ കയ്പമംഗലം മണ്ഡലത്തില്‍ നിന്ന് വിജയിച്ച സുനില്‍ കുമാറായിരുന്നു നിയമസഭയിലെയും പ്രധാന താരം.
പ്രതിപക്ഷ എംഎല്‍എമാരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച എംഎല്‍എ കൂടിയാണ് സുനില്‍കുമാര്‍.
ചാനല്‍ ചര്‍ച്ചകളിലും നിയമസഭക്കകത്തും സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ച സുനില്‍ കുമാറിനെ സാംസ്‌കാരിക നഗരി കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഇടത് കേന്ദ്രങ്ങള്‍.
കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ തേറമ്പില്‍ രാമകൃഷ്ണന്‍ 59,991 വോട്ട് നേടി വിജയിച്ച മണ്ഡലമാണിത്. സാധാരണഗതിയില്‍ ഇവിടെ ഇടത് സ്ഥാനാര്‍ത്ഥിക്ക് വിജയിച്ച് വരാന്‍ കഷ്ടപ്പെടേണ്ടി വരുന്ന മണ്ഡലമാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും സുനില്‍ കുമാറിന്റെ ഗ്ലാമര്‍ പ്രകടനവുമാണ് ഇവിടെ കരുണാകരന്റെ പുത്രിയോട് മാറ്റുരയ്ക്കുന്നത്.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ സുനില്‍കുമാറിന് വേണ്ടി ഇടതുപക്ഷം ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഉപയോഗിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ന്യൂനപക്ഷ-ഭൂരിപക്ഷ വേര്‍തിരിവില്ലാതെ എല്ലാ വിഭാഗങ്ങളില്‍ നിന്നും വോട്ട് നേടാനാകുമെന്നാണ് ഇടതിന്റെ പ്രതീക്ഷ. ബിജെപി യുഡിഎഫിന് ലഭിക്കുന്ന മുന്നോക്ക വോട്ടുകളില്‍ കാര്യമായ ഭിന്നിപ്പുണ്ടാക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഇരുസ്ഥാനാര്‍ത്ഥികളും കരുത്തരായതിനാല്‍ സ്ഥിതി പ്രവചനാതീതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
രാഷ്ട്രീയചാണക്യനായ കരുണാകരന്റെ സ്വന്തം തട്ടകത്തില്‍ ഒരു പരാജയമുണ്ടായാല്‍ രാഷ്ട്രീയ രംഗത്ത് നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്നതിനാല്‍ ജാഗ്രതയോടെയാണ് പത്മജയുടെ നീക്കങ്ങള്‍.
പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ട് ബാങ്കില്‍ തന്നെയാണ് അവരുടെ പ്രതീക്ഷ.
സുനില്‍കുമാര്‍ ആയാലും പത്മജ ആയാലും സ്വന്തം പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മന്ത്രിമാരാകുമെന്ന് ഉറപ്പുള്ളവരാണ്. ഇത് നിഷ്പക്ഷരായ വോട്ടര്‍മാരെ ധര്‍മ്മ സങ്കടത്തിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.