kerala-assembly-election-udf-bjp-against-cpm

തിരുവനന്തപുരം: സോളാര്‍, ബാര്‍കോഴ തുടങ്ങി മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ആയുധമാക്കി യുഡിഎഫിനെ കടന്നാക്രമിക്കാന്‍ ഇടതുപക്ഷം പദ്ധതി തയ്യാറാക്കുമ്പോള്‍ യുഡിഎഫിന്റെ പ്രധാന പ്രചരണായുധം വികസനമാണ്.

അഴിമതി ആരോപണത്തെ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിര്‍ത്തി പ്രതിരോധിക്കാനാണ് യുഡിഎഫ് തീരുമാനം. ഒരുവട്ടം കൂടി യുഡിഎഫിനെ അധികാരത്തിലേറ്റിയാല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നവ പൂര്‍ത്തികരിക്കാനും പുതിയ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് വന്ന് കേരളത്തിന്റെ മുഖഛായ മാറ്റാന്‍ കഴിയുമെന്നുമാണ് വാഗ്ദാനം.

തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇടതും വലതും മാത്രമല്ല ബിജെപി-ബിഡിജെഎസ് സഖ്യവും സ്വപ്ന തുല്യമായ പദ്ധതികള്‍ മുന്നോട്ടു വയ്ക്കാനാണ് ഒരുങ്ങുന്നത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളും പ്രചരണ വിഷയമാക്കും.

ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ പ്രധാനമായും വിഎസ് പിണറായി അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചാ വിഷയമാക്കാനാണ് യുഡിഎഫിന്റെയും ബിജെപി മുന്നണിയുടെയും നീക്കം.

സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങി പോയ വിഎസിനെ പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയുള്ളയാളാണെന്ന് പിണറായി സൂചിപ്പിച്ചതാണ് പ്രധാന ആയുധം.

ഇപ്പോള്‍ അഭിപ്രായ വ്യത്യാസം ഉള്ളിലൊതുക്കി രണ്ടു നേതാക്കളും മത്സരിക്കുന്നത് അധികാരം മാത്രം ലക്ഷ്യമിട്ടാണെന്നും തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വന്ന് കഴിഞ്ഞാല്‍ വിഎസ് കറിവേപ്പിലയ്ക്ക് തുല്യമാകുമെന്നും ചൂണ്ടിക്കാട്ടി ശക്തമായ ക്യാമ്പയില്‍ അഴിച്ചുവിടാനാണ് തീരുമാനം.

ഇതിനായി സിപിഎം വിഭാഗതയുടെ കാലത്ത് വിഎസും പിണറായും നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും പത്രകട്ടിംങുകളുമെല്ലാം മാധ്യമ ലൈബ്രറികളില്‍ നിന്നും ഇതിനകം തന്നെ യുഡിഎഫ്-ബിജെപി കേന്ദ്രങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

പാര്‍ട്ടിയില്‍ ഇതുവരെ ഉണ്ടായ തര്‍ക്കങ്ങള്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ സര്‍ക്കാരിലുണ്ടാകുമെന്നും അതിനവസരമൊരുക്കരുതെന്നും ചൂണ്ടിക്കാട്ടിയായിരിക്കണം വോട്ടര്‍മാരെ സ്വാധീനിക്കേണ്ടതെന്നാണ് മറ്റൊരു ഉപദേശം. തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഉപദേശം നല്‍കാനും നിരീക്ഷിക്കാനുമൊക്കെയായി പ്രത്യേക ഹൈടെക് സെല്ല് തന്നെ യുഡിഎഫ് ഇതിനകം രൂപീകരിച്ചിട്ടുണ്ട്. ബിജെപിയും സമാനമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം ഏത് വെല്ലുവിളികളെയും ചെറുത്ത്‌തോല്‍പ്പിക്കാനുള്ള കരുത്ത് കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിനുണ്ടെന്ന ആത്മവിശ്വാസത്തോടെ വിഎസിന്റെയും പിണറായിയുടെയും പിന്നില്‍ അണിനിരന്ന് അന്തിമ പോരാട്ടത്തില്‍ തയ്യാറെടുക്കുകയാണ് ഇടതുമുന്നണി അണികള്‍.

അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെയുള്ള വിധിയെഴുത്തായിരിക്കും ജനവിധിയെന്നാണ് ചെമ്പടയുടെ ആത്മവിശ്വാസം.

Top