തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോടെം സ്പീക്കര്‍ എസ്. ശര്‍മ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ.
ഒമ്പതിന് ദേശീയഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. അക്ഷരമാല ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. വള്ളിക്കുന്നില്‍ നിന്നുള്ള എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ ആദ്യം ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് കെ.വി. അബ്ദുള്ള, പാറക്കല്‍ അബ്ദുള്ള, മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ നടന്നത്.
പതിനാലാം നിയമസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ വി.എസ്. അച്യുതാനന്ദന്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. ആദ്യദിവസമായ ഇന്ന് നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ മാത്രമാണ് നടന്നത്.
ഏതാനും പ്രത്യേകതകളോടെയാണ് പതിനാലാം നിയമസഭയ്ക്കു തുടക്കമായത്. ഒ. രാജഗോപാലിലൂടെ ബിജെപിക്ക് ആദ്യമായി ഒരു എംഎല്‍എ ഉണ്ടായതാണ് ഏറ്റവും വലിയ സവിശേഷത. മഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ റസാഖ് കന്നഡ ഭാഷയിലും, ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ തമിഴിലും, എറണാകുളത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട ഹൈബി ഈഡനും വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ. മുരളീധരനും ഇംഗ്ലീഷിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ തവണ പൂഞ്ഞാറില്‍ നിന്ന് യുഡിഎഫിനൊപ്പം ജയിച്ച പി.സി. ജോര്‍ജ് ഇത്തവണ സ്വതന്ത്ര എംഎല്‍എയായി നിയമസഭയിലെത്തിയെന്ന പ്രത്യേകതയുമുണ്ട്.
സ്പീക്കറുടെ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. ഇടതുമുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി പി. ശ്രീരാമകൃഷ്ണനെയാണു പ്രഖ്യാപിച്ചിട്ടുള്ളത്. കുന്നത്തുനാട്ടില്‍ നിന്നുള്ള എംഎല്‍എ വി.പി. സജീന്ദ്രനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. തുടര്‍ന്ന് 24നു മാത്രമേ നിയമസഭ ചേരുകയുള്ളൂ. 24നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം പുനരാരംഭിക്കുന്നത്. തുടര്‍ന്നു നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. ജൂലൈ എട്ടിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. ജൂലൈ അവസാനം വരെ 14-ാം കേരള നിയമസഭയുടെ ആദ്യസമ്മേളനം തുടരാനാണു സര്‍ക്കാര്‍ തീരുമാനം.