രണ്ട് ദിവസത്തെ ഇടവളക്ക് ശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം : രണ്ട് ദിവസത്തെ ഇടവളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തുന്ന സത്യഗ്രഹം എട്ടാം ദിവസവും തുടരുകയാണ്. അതേസമയം സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയാറായിട്ടില്ല.

തുടര്‍ സമര പരിപാടികള്‍ എന്തൊക്കെ ആകണമെന്ന് രാവിലെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും. സത്യഗ്രഹമിരിക്കുന്ന എംഎല്‍എമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യു ഡി എഫ് ഇന്ന് നിയമസഭാ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ശബരിമല പ്രശ്‌നം ഉന്നയിച്ചാണ് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹ സമരം തുടങ്ങിയത്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടാണ് എംഎല്‍എമാരുടെ സത്യഗ്രഹ പ്രതിഷേധം. വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.

നിയമസഭ തീരുന്ന 13 വരെ യു.ഡി.എഫ് സത്യാഗ്രഹ സമരവുമായി മുന്നോട്ട് പോയേക്കും. നിലവില്‍ സത്യാഗ്രഹം അനുഷ്ടിക്കുന്ന എം.എല്‍. എമാരെ മാറ്റുന്ന കാര്യവും യു.ഡി.എഫിന്റെ സജീവ പരിഗണനയിലുണ്ട്.

ശബരിമല വിഷയത്തിനൊപ്പം തന്നെ കെ.ടി ജലീല്‍ , പി.കെ ശശി വിവാദങ്ങളും സഭയിലുയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ജനുവരി 1ന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കര്‍ പങ്കെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശവും പ്രതിപക്ഷം സഭയില്‍ അവതരിപ്പിക്കും.

Top