ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാര്‍ ഐഎസില്‍ ചേരുന്നതിനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു.
ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ജോലി ആവശ്യാര്‍ത്ഥവും മറ്റുമായി പോകുന്നവരില്‍ ചിലര്‍ സിറിയയിലും ഇറാഖിലുമൊക്കെയായി ഐഎസിന്റെ ചാവേറുകളായി മാറുന്നത് ഭാവിയില്‍ രാജ്യത്തിന് തന്നെ വലിയ ഭീഷണിയാവുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തല്‍.
വിദേശത്ത് പോയി മടങ്ങിവരാത്തവരുടെ വിവരങ്ങളും ഇപ്പോള്‍ വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ അവസ്ഥയും പ്രത്യേകം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രഹസ്യാന്വേഷണ ഏജന്‍സികളായ റോ,ഐബി എന്നിവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ നിരവധി മലയാളികളടക്കമുള്ളവര്‍ ഐഎസിന്റെ ഭാഗമായതായി സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ ഐബി കേരളത്തിലും പ്രത്യേകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലൗ ജിഹാദിന്റെ ഭാഗമായി തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് നടക്കുന്നതായി നേരത്തെ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതിയും പുതിയ സാഹചര്യത്തില്‍ വിശദമായ പരിശോധനക്ക് ഐബി വിധേയമാക്കുന്നതായാണ് സൂചന.
കാണാതായ പാലക്കാട് സ്വദേശി ഈസയുടെ ഭാര്യ ഫാത്തിമ മതം മാറിയാണ് ഈ നാമകരണം സ്വീകരിച്ചതെന്നും വെറും നാല് ദിവസത്തെ പരിചയം വെച്ചാണ് അവര്‍ വിവാഹിതരായതെന്നുമുള്ള ഫാത്തിമയുടെ (നിമിഷ) അമ്മ ബിന്ദുവിന്റെ വെളിപ്പെടുത്തലുകളെ ഗൗരവമായാണ് രഹസ്യാന്വേഷണ വിഭാഗം കാണുന്നത്.
ബെറ്റ്‌സ് എന്ന് നാമകരണമുള്ള മകളുടെ ഭര്‍ത്താവ് മുന്‍പ് മതം മാറി ഈസാ എന്നാക്കി മാറ്റിയതാണെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നും നിമിഷയുടെ അമ്മ ബിന്ദു വ്യക്തമാക്കിയിരുന്നു.
പെണ്‍കട്ടി തമിഴ്‌നാട്ടില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരിക്കെയായിരുന്നു ഇവരുടെ വിവാഹം.
പെണ്‍കുട്ടി പഠിച്ചിരുന്ന കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് മതം മാറിയവര്‍ക്ക് മതം മാറിയവരെ തന്നെ പങ്കാളികളാക്കി കൊടുത്തത് എന്ന വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ ഈ കോളേജിന്റെ ചുറ്റുപാടുകളെ സംബന്ധിച്ചും സഹപാഠികളെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ എത്രപേര്‍ മതം മാറ്റപ്പെട്ടു, ഇതിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുണ്ടോ, സമാനമായ രൂപത്തില്‍ മതം മാറി വിവാഹം കഴിച്ചവര്‍ ഇപ്പോള്‍ എവിടെയാണ് ? തുടങ്ങിയ കാര്യങ്ങള്ാണ് അന്വേഷിക്കുന്നത്.
തമിഴ്‌നാട് പൊലീസില്‍ നിന്നും ഇത് സംബന്ധമായ വിശദാംശങ്ങള്‍ ഐബി തേടിയതായാണ് സൂചന. പാലക്കാട് നിന്ന് തന്നെ കാണാതായ യെഹിയയുടെ ഭാര്യ മറിയവും ഇതേ രൂപത്തില്‍ വിവാഹത്തിന് മുന്‍പ് തന്നെ മതം മാറിയവരാണ്. മെറിന്‍ എന്നായിരുന്നു വിവാഹത്തിന് മുന്‍പ് മറിയയുടെ പേര്.
16 പേരെ കേരളത്തില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായതായാണ് ആദ്യം പുറത്ത് വന്ന വിവരമെങ്കിലും ഇപ്പോള്‍ കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് ലഭിക്കുന്ന വിവരം. കാസര്‍കോഡ് പടന്നയില്‍ രണ്ട് പേരെ ദുരൂഹസാഹചര്യത്തില്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കാണാതായവരെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഇപ്പോള്‍ വിവരങ്ങള്‍ ഒന്നും പുറത്ത് പറയാനാകില്ലെന്നുമാണ് കേരള പൊലീസിന്റെ നിലപാട്.
എന്നാല്‍ കാണാതായവരില്‍ നിന്ന് ചിലരുടെ ബന്ധുക്കള്‍ തന്നെ ഐഎസ് ബന്ധം സംശയിച്ച് രംഗത്ത് വന്നതും കാസര്‍കോഡ് സ്വദേശിയായ ഒരാള്‍ ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി താന്‍ സ്വയം സമര്‍പ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്തായതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ പുറത്ത് വന്ന കാര്യങ്ങള്‍ക്കപ്പുറം വ്യക്തമായ ചില വിവരങ്ങള്‍ ഇതിനകം തന്നെ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചതായാണ് അറിയുന്നത്. ശ്രീലങ്ക കേന്ദ്രീകരിച്ച് വിധ്വംസക പ്രവര്‍ത്തികള്‍ നടന്നതായും സംശയിക്കുന്നുണ്ട്.കാണാതായവരില്‍ പല കുടുംബങ്ങളും ശ്രീലങ്കയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വിട്ടില്‍ നിന്നും പോയത്.
ഈയൊരു സാഹചര്യത്തില്‍ തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളെടുക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐഎസ് അനുഭാവമുള്ളവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നവെങ്കിലും മലയാളികള്‍ ഐഎസിന്റെ ഭാഗമായെന്ന വിവരങ്ങള്‍ പുറത്ത് വരുന്നത് ഇതാദ്യമായാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കശ്മീരില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളില്‍ ചിലര്‍ മലയാളികളായിരുന്നുവെന്നത് കേരളത്തെ ഞെട്ടിച്ച സംഭവമാണ്. എകെ 47 തോക്കുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.