ദീർഘകാല വായ്പ വിതരണത്തിനു കേരള ബാങ്ക് ക്യാംപെയ്ൻ തുടങ്ങി. നബാർഡ് സഹായധനത്തോടെ ഈ മാസം 31 വരെയാണ് ക്യാംപെയ്ൻ. കൊവിഡ് പ്രതിസന്ധിയിൽ നിന്നു കർഷകരെ കരകയറ്റുന്നതിനും കാർഷികാനുബന്ധ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണിത്.
കൃഷിത്തോട്ടങ്ങളുടെ നിർമാണം, ഹൈടെക് -ഗ്രീൻ ഹൗസ് – പോളിഹൗസ് ഫാമിങ് ട്രാക്ടർ, പവർടില്ലർ, കൊയ്ത്ത് – മെതിയന്ത്രങ്ങൾ തുടങ്ങിയ കാർഷിക യന്ത്രങ്ങൾ വാങ്ങൽ, കാർഷികാവശ്യങ്ങൾക്കായി കിണർ കുഴിക്കൽ, കുഴൽക്കിണർ നിർമാണം, കിണറിന്റെ നവീകരണം, ഡ്രിപ്പ് ഇറിഗേഷൻ, ലിഫ്റ്റ് ഇറിഗേഷൻ, പമ്പ് ഹൗസ് സ്ഥാപിക്കൽ, ഭൂമി കൃഷിയോഗ്യമാക്കൽ, കൃഷിഭൂമിയുടെ വികസനവുമായി ബന്ധപ്പെട്ട് കയ്യാലകെട്ടൽ, ബണ്ട് നിർമാണം, വേലികെട്ടൽ, തേനീച്ച വളർത്തൽ, പശു, പോത്ത്, എരുമ, ആട് തുടങ്ങിയവ വളർത്തൽ, മത്സ്യകൃഷി, കോഴിഫാം തുടങ്ങിയ സംരംഭങ്ങൾക്കു പരമാവധി 15 വർഷം വരെ കാലാവധിയിൽ വായ്പ ലഭിക്കും.