തിരുവനന്തപുരം: കേരള ബാങ്ക് എടിഎം കാര്‍ഡ് തട്ടിപ്പിനു കാരണം ഇവിഎം ചിപ് ഇല്ലാത്തതെന്ന് കണ്ടെത്തല്‍. സെര്‍വര്‍ തകരാറിലായതിനാല്‍ പണം നഷ്ടപ്പെട്ടതും ബാങ്ക് അറിഞ്ഞില്ല. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ സോഫ്റ്റ്വെയര്‍ തയാറാക്കിയ കമ്പനിയിലെ ജീവനക്കാരനാണെന്നു കണ്ടെത്തി. വിവിധ ജില്ലകളിലെ എടിഎമ്മുകളില്‍ നിന്ന് വ്യാജ കാര്‍ഡ് ഉപയോഗിച്ച് രണ്ടര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.
എടിഎം ഇടപാടുകളുമായി ബന്ധപ്പെട്ട സാങ്കേതിക പൂര്‍ണത കൈവരിക്കാനാകാത്തതാണു വീഴ്ചയ്ക്കു കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചിപ് ഘടിപ്പിച്ച എടിഎം കാര്‍ഡുകള്‍ തന്നെ ഉപയോഗിക്കുവാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേരള ബാങ്കിലെ എടിഎം ഈ രീതിയിലായിരുന്നില്ല. അതുകൊണ്ടു തന്നെ ആ ന്യൂനത മനസ്സിലാക്കിയാണു സംഘം തട്ടിപ്പ് നടത്തിയതെന്നു കണ്ടെത്തി.