ബെനോളിം: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ഗുജറാത്തിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ വിജയം. കേരളത്തിനായി അക്ബര്‍ സിദ്ദിഖ് ഇരട്ട ഗോള്‍ നേടി. ക്യാപ്റ്റന്‍ നിജോ ഗില്‍ബേര്‍ട്ട് ആണ് മൂന്നാം ഗോള്‍ നേടിയത്.
ഗുജറാത്തിനെതിരെ പൂര്‍ണ ആധിപത്യമാണ് കേരളം പുലര്‍ത്തിയത്. മത്സരത്തിന്റെ 12-ാം മിനിറ്റിലും 33-ാം മിനിറ്റിലുമായിരുന്നു അക്ബറിന്റെ ഗോളുകള്‍. 36-ാം മിനിറ്റില്‍ നിജോ കൂടി വലകുലുക്കിയതോടെ കേരളം ആദ്യ പകുതിയില്‍ത്തന്നെ 3-0 ന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയില്‍ പ്രതിരോധത്തിലൂന്നിയുള്ള കളിക്കാണ് കേരളം ശ്രമിച്ചത്. ആക്രമണങ്ങള്‍ കുറയ്ക്കുകകൂടി ചെയ്തതോടെ ഗുജറാത്തിന് മുന്നേറ്റം അസാധ്യമായി.
പ്രഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിനാണ് ഗുജറാത്ത് ഇന്നിറങ്ങിയത്. ആദ്യമത്സരത്തില്‍ അവര്‍ ജമ്മു കശ്മീരിനെ 2-1ന് തോല്‍പിച്ചിരുന്നു. എന്നാല്‍ അവരുടെ ആത്മവിശ്വാസം പാടെ തകര്‍ക്കുന്ന മുന്നേറ്റമാണ് കേരളം കാഴ്ചവച്ചത്. ടീമിലെ ചെറുപ്പക്കാരുടെ ചുറുചുറുക്കും പരിശീലകന്‍ സതീവന്‍ ബാലന്റെ തന്ത്രങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ കേരളം ഗുജറാത്ത് കടമ്പ അനായാസം മറികടന്നു.