കേരളത്തില്‍ തൃപ്തിയില്ല ; ശ്രീധരന്‍ പിള്ളയുടെ വാദം തള്ളി ബിജെപി കേന്ദ്രനേതൃത്വം

Sreedharan Pilla

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രകടനത്തില്‍ തൃപ്തിയില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം. സംസ്ഥാന അധ്യക്ഷനെ മാറ്റണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ നേതൃത്വം തീരുമാനിക്കും. സംസ്ഥാനത്ത് മൂന്ന് സീറ്റ് വരെ പ്രതീക്ഷിച്ചിരുന്നുവെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍ പറഞ്ഞു. കേരളത്തിലെ ബി.ജെ.പി.യുടെ പരാജയത്തിന് പല ഘടകങ്ങള്‍ കാരണമായി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് പ്രധാന കാരണമെന്നും സത്യകുമാര്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പുഫലം നോക്കിയല്ല ബിജെപി പ്രസിഡന്റിനെ തീരുമാനിക്കുന്നതെന്നും എം.ടി.രമേശ് പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂട്ടുത്തരവാദിത്തത്തോടെയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താനുള്ള ബിജെപി കോര്‍കമ്മിറ്റി ആലപ്പുഴയില്‍ ആരംഭിച്ചു. സീറ്റ് നേടാനായില്ലെങ്കിലും വോട്ട് വിഹിതം വര്‍ധിപ്പിക്കാനായെന്ന വിലയിരുത്തലോടെയാണു യോഗം തുടങ്ങിയത്.

തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പ്രകടനത്തില്‍ കേന്ദ്രനേതൃത്വത്തിന് തൃപ്തിയുണ്ടെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശീധരന്‍പിള്ളയുടെ അവകാശവാദം. സീറ്റുകിട്ടിയില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരള ഘടകത്തെ കേന്ദ്രമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചുവെന്നായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്രം പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top