ബംഗളൂരു: താന്‍ ചെയ്യാത്ത കുറ്റത്തിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടപടിയെടുത്തത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അനസ് എടത്തൊടിക.
ബ്ലാസ്‌റ്റേഴ്‌സിനായി അരങ്ങേറുന്നത് വൈകുന്നതില്‍ നിരാശയുണ്ടെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ സൂപ്പര്‍ കപ്പിനിടെയുണ്ടായ കയ്യാങ്കളിയുടെ പേരില്‍ മൂന്ന് മത്സരങ്ങളിലാണ് അനസിന് വിലക്ക്.
എ എഫ് സി സൂപ്പര്‍ കപ്പിനിടെ ജംഷഡ്പൂര്‍ എഫ് സിയുടെയും എഫ് സി ഗോവയുടെ താരങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഈ കളിയിലാണ് അനസ് നടപടി നേരിടുന്നത്. മൂന്ന് മത്സരത്തില്‍ വിലക്കും, ഒരു ലക്ഷം രൂപ പിഴയുമാണ് അനസിന് ലഭിച്ചത്.
കഴിഞ്ഞ സീസണില്‍ ജംഷഡ്പൂരിന്റെ അവസാന മത്സരമായിരുന്നു അത്. ഇതോടെ വിലക്ക് ഈ സീസണിലേക്കായി. പ്രതീക്ഷകളോടെ ജംഷഡ്പൂരില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയ അനസിന് ആദ്യ മൂന്ന് മത്സരങ്ങളില്‍ ബെഞ്ചിലിരിക്കണം. ആദ്യപകുതിയുടെ ഇടവേളയില്‍ ഏറ്റുമുട്ടിയ കളിക്കാരെ പിടിച്ചുമാറ്റുക മാത്രമാണ് ചെയ്തത്.
താന്‍ പറയുന്നത് വാസ്തവമാണോ എന്നറിയാന്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അനസ് പറയുന്നു. ഇരു ടീമുകളിലെയും ആറ് കളിക്കാര്‍ക്കാണ് അന്ന് ചുവപ്പുകാര്‍ഡ് ലഭിച്ചത്. ഈ സീസണില്‍ സന്ദേശ് ജിങ്കന്‍ – അനസ് സഖ്യത്തില്‍ പ്രതീക്ഷ വെക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയായിരിക്കുകയാണ്.