ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബാര്‍തൊലൊമ്യൂ ഒഗ്ബെച്ചെ നയിക്കും. അദ്ദേഹത്തെ ക്യാപ്റ്റനാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിട്ടുണ്ട്.
ഈ സീസണിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ഒഗ്‌ബച്ചെ ബ്ലാസ്റ്റേഴ്സിലെത്തിയത്. കഴിഞ്ഞ സീസണിൽ ഹൈലാൻഡേഴ്സിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ഒഗ്‌ബച്ചെ ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ വരൾച്ചയ്ക്ക് അറുതി വരുത്തുമെന്നാണ് കരുതപ്പെടുന്നത്.
പിറന്നാൾ ദിനത്തിലാണ് ഓഗ്‌ബെച്ചയെ തേടി കേരള ബ്ലാസ്റ്റേഴ്സിന്റെ നായക സ്ഥാനമെത്തിയത്. 34വയസുള്ള നൈജീരിയൻ താരമായ ഓഗ്‌ബെച്ചേ വളരെ അനുഭവ പരിചയമുള്ള പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്.
സെൻട്രൽ ഫോർവേഡ് പൊസിഷനിൽ മികച്ച മുന്നേറ്റങ്ങൾക്ക് കരുത്തുള്ള ഓഗ്‌ബച്ചേ ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, നെതെർലാൻഡ് ഗ്രീസ്, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി മുൻനിര ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.
“കഴിവു തെളിയിച്ചതും,പരിചയസമ്പന്നനുമായ ഒരു കളിക്കാരനെന്ന നിലയിൽ, ബാർത്തലോമിവ് ഒഗ്‌ബെച്ചെക്ക് ടീമിനെ ഫലപ്രദമായി നയിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ടീമിലെ പ്രായം കൂടിയ അംഗങ്ങളിൽ ഒരുവനായ അദ്ദേഹത്തിന്റെ വിപുലമായ അറിവും വിവേകവും കളിക്കാരുമായുള്ള ബന്ധവും ക്ലബ്ബിന്റെ ലക്ഷ്യവുമായി ഒരു ചുവട് അടുക്കുന്നതിന് ക്രിയാത്മകമായി സഹായിക്കും. അദ്ദേഹത്തോടും ടീമിലെ മറ്റുള്ളവരോടുമൊപ്പം ഒരു മികച്ച പ്രവർത്തനം കാഴ്ചവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം ഒരു മികച്ച സീസൺ ആശംസിക്കുകയും ചെയ്യുന്നു” , പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചുകൊണ്ട് ഹെഡ് കോച്ച് ഈൽകോ ഷട്ടോറി വ്യക്തമാക്കി.