ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‍സിന് തോല്‍വി. ഹൈദരാബാദ് എഫ്.സിയാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‍സിനെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് കളിയില്‍ ബ്ലാസ്റ്റേഴ്‍സിന്റെ രണ്ടാം തോല്‍വിയാണിത്.
ഹൈദരാബാദിൻ്റെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. രാഹുൽ കെപിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ ആശ്വാസ ഗോൾ നേടിയത്. ഈ സീസണിലെ രാഹുലിന്റെ ആദ്യ ഗോളാണിത്. (1-0).
54–ാം മിനിറ്റില്‍ മാര്‍കോ സ്റ്റാന്‍കോവിച്ച് പെനല്‍റ്റിയിലൂടെ ഹൈദരാബാദിനായി സമനില ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സ് താരം മുസ്തഫ ഞിങ് ഹൈദരാബാദ് എഫ്.സിയുടെ യാസിറിനെ വീഴ്ത്തിയതിന് റഫറി പെനല്‍റ്റി അനുവദിക്കുകയായിരുന്നു. (1-1)
81ആം മിനിട്ടിൽ ബോക്സിനു പുറത്ത് നിഖിൽ പൂജാരിയെ വീഴ്ത്തിയ നിങ് ഹൈദരാബാദിന് ഒരു ഫ്രീകിക്ക് സമ്മാനിച്ചു. കിക്കെടുത്ത മാഴ്സലീഞ്ഞോ അതിഗംഭീരമായി അത് വലയിലെത്തിച്ചു.
സഹല്‍ അബ്ദുല്‍ സമദിനെയും രാഹുല്‍ കെ.പിയെയും ഉള്‍പ്പെടുത്തി നാല് മലയാളികളുമായാണ് ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഇലവണ്‍. ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന് പകരം ടി.പി. രഹനേഷാണ് ഗോള്‍വല കാത്തത്. കെ. പ്രശാന്തും ആദ്യ ഇലവനിലുണ്ട്.