ഫേസ്ബുക്കില്‍ ഏറ്റവുമധികം ആരാധകര്‍ മഞ്ഞപ്പടയ്ക്ക് ; തൊട്ടു പിന്നില്‍ കൊല്‍ക്കത്ത

Kerala Blasters

കൊച്ചി: സമൂഹ മാധ്യമമായ ഫേസ് ബുക്കില്‍ ഏറ്റവും അധികം ആരാധക പിന്തുണയുള്ള ഐഎസ്എല്‍ ക്ലബായി കേരളാബ്ലാസ്റ്റേഴ്‌സ്. 10 ലക്ഷത്തിലധികം(1,096,345) പേരാണ് ബ്ലാസ്റ്റേഴ്സിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്തിരിക്കുന്നത്.

1,087,029 ഫോളോവേഴ്‌സുമായി എടികെ കൊല്‍ക്കത്ത മഞ്ഞപ്പടയ്ക്ക് തൊട്ടു പിന്നിലുണ്ട്. നേരത്തെ സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ള ഐഎസ്എല്‍ ക്ലബ് എന്ന നേട്ടം മഞ്ഞപ്പട സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണുകളില്‍ ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്ടതാരമായിരുന്ന കനേഡിയന്‍ ഫുട്ബോള്‍ താരം ഇയാന്‍ ഹ്യൂം അടുത്ത സീസണില്‍ മഞ്ഞപ്പടയില്‍ ഉണ്ടാവില്ല എന്നത് ടീമിന്റെ ആരാധകരുടെ എണ്ണത്തില്‍ എന്തെങ്കിലും കുറവു വരുത്തുമോ എന്നാണ് ഇനി നോക്കേണ്ടത്.

പൂനെ സിറ്റിക്കായാണ് അടുത്ത സീസണില്‍ ഹ്യൂം ബൂട്ടണിയുക. ഒരു വര്‍ഷത്തെ കരാറിലാണ് പൂനെ സിറ്റി ഹ്യൂമിനെ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം ഐഎസ്എല്‍ സീസണിലാണ് ഹ്യൂം ബൂട്ട് കെട്ടുക.

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടുക്കെട്ടിയ ഹ്യൂമിന് അധികം കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്ക് കാരണം സീസണ്‍ പകുതിയോളം താരത്തിന് നഷ്ടമായിരുന്നു.

‘കഴിഞ്ഞ സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റേയും എടികെയുടേയും ഭാഗമായിരുന്നു. അവരുമായി ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്നു. എന്നാല്‍ മഞ്ഞപ്പടയോട് എനിക്ക് പ്രത്യേക സ്‌നേഹമുണ്ട്. ആ സ്‌നേഹം അതുപോലെ തുടരാന്‍ സാധിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ എല്ലാ ഫുട്‌ബോളര്‍മാരേയും പോലെ കാര്യങ്ങള്‍ മാറിമറിയുകയാണ്. എന്റെ കഴിവിന്റെ മുഴുവനും ഞാന്‍ പുതിയ ക്ലബിന് വേണ്ടി സമര്‍പ്പിക്കും’. ഇയാന്‍ ഹ്യൂം പറഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും ഗോള്‍ നേടിയ താരമാണ് ഹ്യൂം. 59 മത്സരങ്ങളില്‍ 28 ഗോളുള്‍ ഹ്യൂം നേടിയിട്ടുണ്ട്.

Top