ബ്ലാസ്റ്റേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും, ആരാധകര്‍ക്ക് ആശ്വസിക്കാം; മുഖ്യമന്ത്രിയുടെ ഉറപ്പ്

കൊച്ചി: ഏറെ ഞെട്ടലോടെ ആയിരുന്നു ഫുട്‌ബോള്‍ ആരാധകര്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഹോംഗ്രൗണ്ടായ കൊച്ചി വിടുനെന്ന വാര്‍ത്ത കേട്ടത്. കൊച്ചിയിലെ ചില അധികൃതര്‍ നിസ്സഹകരണത്തോടെ പെരുമാറുന്നത് സഹിക്കാനാകാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നിരവധി ആളുകള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം കായിക മന്ത്രി ഇ.പി ജയരാജന്‍ ടീമിന് എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഉറപ്പിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു എന്ന ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നേരത്തെ തങ്ങളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഈ വിഷയം ഏറെ ഗൗരവത്തോടെ നോക്കികാണുന്നതായും ഇനി ഒരു പ്രശ്‌നം താരങ്ങള്‍ക്കും മാനേജ്‌മെന്റിനും ഉണ്ടാകില്ല എന്നും നിലവിലെ പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള കാര്യങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിഷയം ഉചിതമായി കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കായിക മന്ത്രി ഇ.പി ജയരാജന് പ്രാഥമികനിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. മാത്രമല്ല പ്രശ്‌നപരിഹാരത്തിനായി മന്ത്രിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചേക്കും. ജി.സി.ഡി.എ, കോര്‍പ്പറേഷന്‍, കെ.എഫ്.എ. എന്നിവരുമായി ബന്ധപ്പെട്ടുകഴിഞ്ഞതായും പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും കായികമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ആരാധകരുള്ള ഐ.എസ്.എല്‍ ടീമാണ് കേരളാ ബ്ലാസ്റ്റേഴ്സ്. അങ്ങനെയൊരു ടീം അധികൃതരുടെ അനാവശ്യ പിടിവാശികളില്‍ കുടുങ്ങുകയായിരുന്നു. ചോദിക്കുന്നത്ര സൗജന്യപാസ് നല്‍കിയില്ലെങ്കില്‍ ഉപദ്രവിക്കുന്നരീതിയിലാണ് വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഇടപെട്ടതെന്ന് ടീം ആരോപിച്ചു. അടുത്ത സീസണില്‍ മറ്റേതെങ്കിലും നഗരത്തിലേക്ക് മാറാനാണ് ഇവര്‍ ആലോചിച്ചത്.

Top