കൊച്ചി: ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് ഇയാന്‍ ഹ്യൂം . കഴിഞ്ഞ സീസണില്‍ പരിക്കിനു ശേഷം ടീം മാനേജ്‌മെന്റും, മെഡിക്കല്‍ സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. പോസിറ്റീവായ പ്രതികരണങ്ങളാണ് ചര്‍ച്ചയിലുണ്ടായത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയശേഷം മാനേജ്‌മെന്റിന്റെ പ്രതികരണം നിരാശപ്പെടുത്തിയെന്നും, അതിനാലാണ് താന്‍ പൂനെ സിറ്റിയിലേക്ക് ചേക്കേറിയതുമെന്നാണ് ഹ്യൂം വെളിപ്പെടുത്തിയിരിക്കുന്നത്.
അടുത്ത സീസണില്‍ താനില്ലാതെ വേറിട്ട പാതയില്‍ സഞ്ചരിക്കാനായിരുന്നു കേരളബാസ്റ്റേഴ്‌സിന്റെ തീരുമാനം. ബ്ലാസ്റ്റേഴ്സില്‍ നിന്ന് രണ്ട് തവണ നിരാശ ഉണ്ടായതാണ് വളരെ വേദനിപ്പിക്കുന്നതെന്നും, കേരളത്തെ വളരെയേറെ ഇഷ്ടമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ ദുരനുഭവം കൊണ്ട് നാടിനോടും നാട്ടുകാരോടുമുളള ഇഷ്ടം ഒട്ടും കുറയില്ലെന്നും, ഇതിനെയോര്‍ത്ത് കരയാനും പോകുന്നില്ലെന്നും ഹ്യൂം വ്യക്തമാക്കി.
മൂന്ന് വര്‍ഷത്തെ കരാറിനായി പുനെ ടീം നിരന്തരം ചര്‍ച്ചയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത വിട്ട് മഞ്ഞപ്പടയില്‍ മടങ്ങിയെത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഐഎസ്എല്ലിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ പറയുന്നു. ആദ്യ ഐഎസ്എല്‍ സീസണില്‍(2014) ബ്ലാസ്റ്റേഴ്സിലെത്തിയ ഇയാന്‍ ഹ്യൂം അടുത്ത രണ്ട് സീസണുകളില്‍ കൊല്‍ക്കത്തയിലാണ് കളിച്ചത്.